‘കുടുംബത്തിന് അന്തോം കുന്തോം ഇതുമായി വല്ല ബന്ധവും ഉണ്ടോ?’ -എൻ.എം. വിജയന്റെ കുടുംബത്തിനെതിരെ കെ. സുധാകരൻ നടത്തിയ പരാമർശം വിവാദമാകുന്നു
text_fieldsകൽപറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പരാമർശം വിവാദമാകുന്നു. ‘കുടുംബത്തിന് പറയുന്നതിനെന്താ? കുടംബത്തിന് അന്തോം കുന്തോം ഉണ്ടോ? അവർക്ക് ഇതുമായി വല്ല ബന്ധവും ഉണ്ടോ?’ -എന്നായിരുന്നു ഇന്നലെ കണ്ണൂരിൽ സുധാകരന്റെ പരാമർശം. വിജയൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ മാന്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ തൂങ്ങുമ്പോൾ നിങ്ങൾ എല്ലാവരും ഒന്നിച്ച് തൂങ്ങുമെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ ഗോപിനാഥൻ എന്നിവരോടാണ് താൻ ഇത് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിനുത്തരവാദിയെന്ന് മുദ്രകുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അന്ന് ആവശ്യപ്പെട്ട സുധാകരൻ ഇപ്പോൾ ആത്മഹത്യാ കുറിപ്പടക്കം തെളിവുണ്ടായിട്ടും വിജയന്റെ മരണത്തിനുത്തരവാദികളെ സംരക്ഷിക്കുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ‘പിതാവിന്റെയും മകന്റെയും മരണത്തിൽ മനംനൊന്ത് കഴിയുകയാണ് വിജയന്റെ മകനും മരുമകളും. നീതിക്കുവേണ്ടി അവർ മുട്ടാത്ത വാതിലുകളില്ല. പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി. പ്രസിഡന്റിനെയും സമീപിച്ചപ്പോൾ കത്ത് വായിച്ചുനോക്കാൻ പോലും അവർ താല്പര്യം കാണിച്ചില്ല. കെ.പി.സി.സി. പ്രസിഡന്റാവട്ടെ, അന്തോം കുന്തോം ഇല്ലാത്ത കുടുംബം എന്ന് അധിക്ഷേപിക്കുകയാണ് ചെയ്തത്’ -ജയരാജൻ ചൂണ്ടിക്കാട്ടി.
‘മരണത്തിന് പിന്നിൽ ബത്തേരി എം.എൽ.എ.യും വയനാട് ഡിസിസി അധ്യക്ഷനുമാണെന്ന് ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളും ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. എഡിഎമ്മിന്റെ മരണം നടന്ന് മണിക്കൂറുകൾക്കകം പി.പി. ദിവ്യക്കെതിരെ ഉറഞ്ഞുതുള്ളിയ കെ.പി.സി.സി അധ്യക്ഷന് രണ്ടാഴ്ചയായിട്ടും എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പോലും വായിക്കാൻ സമയം ലഭിച്ചിട്ടില്ല. കൊലയാളികളെ സംരക്ഷിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. കോഴപ്പണത്തിൽ കെ.പി.സി.സി.ക്കും പങ്കുണ്ടെന്ന സംശയം അതുകൊണ്ട് തന്നെ ബലപ്പെടുകയാണ്’ -എം.വി. ജയരാജൻ ആരോപിച്ചു.
അതിനിടെ, വിജയന്റെ കടബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. വാങ്ങിയെന്നു പറയപ്പെടുന്ന പണം വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ‘പണം ആരൊക്കെ വാങ്ങി, ഏതൊക്കെ സോഴ്സുകളിൽ ഉപയോഗിച്ചു എന്ന് കണ്ടെത്തണം. അത് വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ? പാർട്ടി ഇതിൽ കക്ഷിയല്ല. പാർട്ടി യോഗം ചേർന്ന് ഇന്ന രീതിയിൽ പണം വാങ്ങണമെന്ന് തീരമാനമെടുത്താൽ പാർട്ടി കക്ഷിയാകും. അല്ലാത്തത് പാർട്ടി അതേറ്റെടുക്കേണ്ടതില്ല. ആരുടെയെങ്കിലും പേരെഴുതിവെച്ചാൽ പാർട്ടിയാകില്ല. എന്റെ പേര് മറ്റുള്ളവർ എഴുതിവെച്ചാൽ പാർട്ടിക്ക് അതിൽ പങ്കുണ്ടോ? അത് അന്വേഷിക്കണം. അതിന് വേണ്ടിയാണ് അന്വേഷണ കമീഷൻ പ്രഖ്യാപിച്ചത്. അതാണ് ഞങ്ങളുടെ ധാർമികത’ - സിദ്ദീഖ് പറഞ്ഞു.
നേരത്തെ വിജയന്റെ ആത്മഹത്യ കുറിപ്പ് തള്ളി വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും രംഗത്തുവന്നു. കുറിപ്പിൽ പറയുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവുമില്ലെന്നും അത്തരമാരു ഇടപാട് ഞാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മരിക്കാൻ പോകുന്നയാൾക്ക് ആരുടെ പേര് വെണമെങ്കിലും എഴുതിവെക്കാലോ? ഒരാൾ കുടുങ്ങിക്കോട്ടെ എന്ന് കരുതി മനപൂർവം എഴുതിവെച്ചതാണെങ്കിൽ എന്തുചെയ്യാൻ പറ്റും? വിജയൻ പണം വാങ്ങിച്ചത് എന്താവശ്യത്തിനാണെന്ന് അറിയില്ല. പണമിടപാടിന്റെ പേരിൽ വിജയന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. മരണശേഷം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. അങ്ങേർക്ക് (വിജയന്) വലിയ കടങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്തിനാണ് വാങ്ങിയതെന്നോ എങ്ങനെ കടം വന്നു എന്നോ എനിക്കറിയില്ല. നെഞ്ചിൽ കൈവെച്ച് തന്നെ ഇത് പറയാൻ കഴിയും. അങ്ങേര് വ്യക്തിപരമായി വല്ല ആവശ്യത്തിനും പണം വാങ്ങിയത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല’ -അപ്പച്ചൻ പറഞ്ഞു.
‘2017- 19 കാലയളവിലാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഞാനന്ന് ഡി.സി.സി പ്രസിഡന്റല്ല. എനിക്ക് മുമ്പ് ഐ.സി. ബാലകൃഷ്ണൻ, കെ.എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ എന്നീ മൂന്നുപേർ പ്രസിഡന്റായി ഉണ്ടായിരുന്നു. അവർ മൂന്നാളുകളും ഉള്ള കാലത്താണ് ഈ സംഭവങ്ങൾ ഒക്കെ എന്നാണ് പറയുന്നത്. ഞാൻ അതിൽ ഭാഗഭാക്കല്ല. വ്യക്തിപരമായി ഞാനും വിജയനും നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡി.സി.സി ജനറൽ ബോഡിയിൽ പോലും വിജയൻ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇക്കാര്യങ്ങൾ അന്ന് എന്നോട് പറയണമല്ലോ’ -അപ്പച്ചൻ പറഞ്ഞു.
അതിനിടെ, വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നിയോഗിച്ച സമിതി വയനാട്ടിലെത്തി തെളിവെടുപ്പ് നടത്തി. കെ.പി.സി.സി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, രാഷ്ട്രീയകാര്യസമിതി അംഗം സണ്ണി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതിയിലുള്ളത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിജയന്റെ കത്തിലുള്ളത്. താൻ മരിക്കുകയാണെങ്കിൽ ഉത്തരവാദികൾ കത്തിൽ പേരുള്ള നേതാക്കളാണെന്നും അതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.