Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവർ...

അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതെന്തിന്? -കെ. സുധാകരൻ എം.പി

text_fields
bookmark_border
അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതെന്തിന്? -കെ. സുധാകരൻ എം.പി
cancel

കണ്ണൂർ: പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി.വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. അൻവർ പിടികിട്ടാപ്പുള്ളിയല്ലെന്നും പൊതുപ്രവർത്തകനും എം.എൽ.എയുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘അറസ്റ്റിനു പൊലീസ് അമിത വ്യഗ്രത കാണിച്ചു. സി.പി.എം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ മടിച്ച പൊലീസിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പൊലീസ് കാണിക്കാത്ത ആത്മാർത്ഥത അൻവറെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്’ -കെ. സുധാകരൻ പറഞ്ഞു.

കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്ത കേസിലാണ് പി.വി. അൻവർ എം.എൽ.എയെ ഇന്ന് രാത്രി അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസാണ് രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എം.എൽ.എ അടക്കം 11 പേർക്കെതിരെ കേസെടുത്തിരുന്നു. എം.എൽ.എയുടെ ഒതായിയിലെ വീട്ടിലും പരിസരത്തുമായി വൻ പൊലീസ് സന്നാഹം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തനിക്കെതിരെ ഗൂഡാലോചന ഉണ്ടെന്നും എത്രയോ കാലമായി പിണറായിയും പി. ശശിയും തന്നെ അറസ്റ്റ് ​ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു. ഞായറാഴ്ച രാവിലെ 11.30ഓടെ എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ ഡി.എം.കെ പ്രവർത്തകരാണ് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് തകർത്തത്. ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം പെട്ടെന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാൽ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രതിഷേധക്കാർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കയറി കസേര, ബൾബ് എന്നിവ തല്ലിത്തകർത്തു. ശേഷം കൊല്ലപ്പെട്ട ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രിക്കു മുന്നിൽ വൻ സന്നാഹത്തോടെ പൊലീസ് മാർച്ച് തടഞ്ഞു.

മാർച്ചിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പി.വി. അൻവർ രൂക്ഷവിമർശനം നടത്തി. മന്ത്രി വിശ്വസിക്കാൻ കൊള്ളാത്തവനെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 10.30ഓടെ മരിച്ച മണിയുടെ പോസ്റ്റ്മോർട്ടം വൈകിയതിൽ പൊലീസിനെയും വിമർശിച്ചു. മണിയോടുള്ള ആദരവ് രേഖപ്പെടുത്തി ഞായറാഴ്ചത്തെ തന്‍റെ ജനകീയ മാർച്ച് മാറ്റിവെച്ചതായും പി.വി. അൻവർ പറഞ്ഞു.

വനം ഓഫിസ് തല്ലിത്തകർത്ത സംഭവത്തിൽ മൂന്ന് ഡി.എം.കെ പ്രവർത്തകരെ ജില്ല ആശുപത്രിക്കു മുന്നിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധീർ പുന്നപ്പാല, ഷൗക്കത്ത് പനമരം, മുസ്തഫ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടു.

ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ നഗറിലെ കരിയന്റെ മകൻ മണിയാണ് (35) കരുളായി നെടുങ്കയത്ത് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ഉൾവനത്തിൽ ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. രോഗിയായ മൂത്ത മകൾ മീനാക്ഷിയെ തോളിലേറ്റി പോകുന്നതിനിടെയാണ് മണി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ടാക്സി ജീപ്പിൽ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങി കരിമ്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് നടന്നുപോവുകയായിരുന്നു മണി. ആനയുടെ ആക്രമണത്തിനിടെ മീനാക്ഷി ദൂരേക്ക് തെറിച്ചുവീണു. മണിയുടെ കൂടെയുണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മനീഷ്, ബിജു, വിജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. ആന ആക്രമിച്ച വിവരം ഓടിരക്ഷപ്പെട്ടവർ ജീപ്പ് ഡ്രൈവറെ അറിയിച്ചു. തുടർന്ന് വനപാലകർക്കും പൊലീസിനെയും അറിയിച്ചു. പരിക്കേറ്റ മണിയെ സഹോദരൻ അയ്യപ്പൻ ഒന്നര കിലോമീറ്ററോളം എടുത്താണ് കണ്ണിക്കൈയിലെത്തിച്ചത്. പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranPV Anvar
News Summary - k sudhakaran against pv anvar's arrest
Next Story