സുരേഷ് ഗോപി തൃശൂർ എടുക്കുമെന്ന് പറഞ്ഞു, സി.പി.എം കൊടുത്തു -കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിനു പിന്നിൽ സി.പി.എം - ബി.ജെ.പി ധാരണയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സി.പി.എം എന്ന പാർട്ടി ബി.ജെ.പിക്കു മുന്നിൽ കീഴടങ്ങി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എ.ഡി.ജി.പി കണ്ടെതെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അന്വേഷണമെന്നും സുധാകരൻ പറഞ്ഞു.
“സുരേഷ് ഗോപി തൃശൂർ ഞാനിങ്ങ് എടുക്കുകയാണെന്ന് പറഞ്ഞില്ലേ. തൃശൂർ എടുത്തില്ല, സി.പി.എം കൊടുത്തു. അതാണവിടെ നടന്നത്. ഇതു കുറേ കാലമായുള്ള ബന്ധമാണ്. അവിടെ നടന്ന സംഭവമെല്ലാം മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കാണാൻ പോയത്. ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നത്? സി.പി.എം എന്ന പാർട്ടി ബി.ജെ.പിക്കു മുന്നിൽ കീഴടങ്ങി. മുഖ്യമന്ത്രിക്കെതിരെയുള്ള എസ്.എൻ.സി ലാവ്ലിൻ കേസ് എന്തുകൊണ്ടാണ് കേന്ദ്രം അന്വേഷിക്കാത്തത്? കേസ് ഓരോ തവണയും മാറ്റിവെക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒന്നും അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയാറാകുന്നില്ല. മുഖ്യമന്ത്രിയുടെ മകനും മകൾക്കുമെതിരെ വന്ന കേസുകളിലും അന്വേഷണമില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിത ബന്ധം തുടരുകയാണ്” -സുധാകരൻ പറഞ്ഞു.
താൻ കണ്ണൂരിൽ ആർ.എസ്.എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സി.പി.എം അക്രമം തടയുകയാണ് താൻ ചെയ്തത്. ബി.ജെ.പിയും സി.പി.എമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. തൃശ്ശൂർ സുരേഷ് ഗോപി എടുത്തതല്ല സി.പി.എം കൊടുത്തതാണ്. പൂരം കലക്കിയതിലും എ.ഡി.ജി.പിക്കെതിരെയും അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.