‘പ്രതിസന്ധിയിൽ പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച നേതാവ്’; ടി.എച്ച്. മുസ്തഫയെ അനുസ്മരിച്ച് കെ. സുധാകരനും കെ.സി. വേണുഗോപാലും
text_fieldsതിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി അനുശോചിച്ചു. പ്രതിസന്ധിഘട്ടത്തിലെല്ലാം പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് മുന്നില്‍ നിന്ന് നയിച്ച നേതാവാണ് മുസ്തഫയെന്ന് സുധാകരന്‍ അനുസ്മരിച്ചു.
കോണ്‍ഗ്രസ് യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു. മറൈന്‍ഡ്രൈവില്‍ അദ്ദേഹം നടത്തിയ നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. കെ. കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി എന്ന നിലയില്‍ ഭരണരംഗത്തും മികവ് പുലര്‍ത്തിയ അദ്ദേഹം എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
പ്രതിസന്ധിഘട്ടത്തിലെല്ലാം പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് മുന്നില്‍ നിന്ന് നയിച്ച നേതാവാണ് അദ്ദേഹം. ജനപക്ഷ നിലപാടുകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. സഹായം അഭ്യര്‍ഥിച്ച് എത്തുന്നവരുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ദീര്‍ഘനാളത്തെ ആത്മബന്ധമാണ് തനിക്ക് ടി.എച്ച്. മുസ്തഫയുമായി ഉണ്ടായിരുന്നത്. ടി.എച്ച്. മുസ്തഫയുടെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് നഷ്ടമായത് ശക്തനായ നേതാവിനെ -കെ.സി. വേണുഗോപാല്‍
മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ വേര്‍പാടിലൂടെ കോണ്‍ഗ്രസിന് ശക്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി അനുശോചിച്ചു. സംഘടന പ്രവര്‍ത്തന രംഗത്തേക്ക് യൂത്ത് കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം കടന്നു വന്നത്. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ മുതല്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്ന് ഉന്നത പദവികള്‍ വഹിച്ച വ്യക്തിത്വമാണ് ടി.എച്ച്. മുസ്തഫ.
എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നേതാവാണ് അദ്ദേഹം. സ്വന്തം സ്വത്ത് വിറ്റ് പോലും സംഘടന പ്രവര്‍ത്തനം നടത്തിയ നേതാവ്. എം.എല്‍.എയായും മന്ത്രിയായും മികവ് പുലര്‍ത്തിയ ഭരണാധികാരി. ഭക്ഷ്യ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്.
സംഘടന രംഗത്ത് വഹിച്ച പദവികള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റിയ നേതാവ്. 14 വര്‍ഷത്തോളം എറണാകുളം ഡി.സി.സി പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപരമായി ദീര്‍ഘനാളത്തെ അടുപ്പമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.