വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിലെ സി.പി.എം പങ്ക്; സി.ബി.ഐ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍ എം.പി
text_fieldsതിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഗൂഢാലോചന മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
സി.പി.എം നേതാവും എം.എ.ല്‍എ.യുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. സി.പി.എമ്മി.നുള്ളിലെ കുടിപ്പകയുടെ ഇരകളാണ് കൊല്ലപ്പെട്ട രണ്ട് യുവാക്കളെന്ന ആരോപണം കോണ്‍ഗ്രസ് അന്ന് തന്നെ ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ലോക്കല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയായവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സി.പി.എം ഉന്നതരായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നാണ് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ 2020ലെ തിരുവോണനാളില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം നാളിതുവരെ കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടാനാണ് സി.പി.എം ശ്രമിച്ചത്. രക്തസാക്ഷികളെ കിട്ടിയത് ആഘോഷമാക്കിയ സി.പി.എം സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും എതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാന്‍ മെനക്കാടാത്ത പോലീസ് സി.പി.എമ്മിന്റെ ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി അവരുടെ തിരക്കഥ അനുസരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു എം.പി ആരോപിച്ചു.
അക്രമികള്‍ക്കും കൊലപാതികള്‍ക്കും അഭയകേന്ദ്രം ഒരുക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറി. നിരവധി കൊലപാതക കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന് സി.പി.എം അംഗത്വം നല്‍കിയതും പരോളിലിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിയാക്കിയതും അതിന് ഉദാഹരണങ്ങളാണ്. തട്ടിപ്പുക്കാര്‍ക്കും സ്ത്രീ പീഡകര്‍ക്കും കൊലപാതികള്‍ക്കും സംരക്ഷണം നല്‍കുന്ന നിലയിലേക്ക് സി.പി.എം നേതൃത്വം അധപതിച്ചു. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ കൊണ്ടു നടക്കുന്ന സി.പി.എം ആളെ കൊല്ലുന്ന പാര്‍ട്ടിയായി മാറിയെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.