Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സി.പി.എമ്മിലെ...

‘സി.പി.എമ്മിലെ കളപറിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ തിരുത്താൻ എം.വി. ഗോവിന്ദന്‍ തന്‍റേടം കാണിക്കണം’

text_fields
bookmark_border
k sudhakaran
cancel
camera_alt

കെ. സുധാകരൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: ഭരണം ലഭിച്ചത് മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനായി സി.പി.എമ്മില്‍ സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. ഇ.പി ജയരാജന് മുന്‍പ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും പിന്‍വാതില്‍ നിയമനത്തിന്റെ പേരിലാണ്. തെറ്റായ വഴിയിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കോക്കസ് സി.പി.എമ്മിലുണ്ട്. അതില്‍ അവരുടെ ഉന്നത നേതാക്കള്‍ വരെയുണ്ട്. സഖാക്കളില്‍ പലര്‍ക്കും പണത്തോട് ആര്‍ത്തിയാണെന്ന സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ കണ്ടെത്തലും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. സി.പി.എമ്മിലെ ഇത്തരം കളപറിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് എന്തു നെറികേട് നടത്തിയും പണം സമ്പാദിക്കാന്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും റോള്‍മോഡലായ മുഖ്യമന്ത്രിയെ തിരുത്താനുള്ള തന്റേടമാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ കാണിക്കേണ്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.

പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണ്. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സി.പി.എമ്മിനെ അടപടലെ ബാധിക്കുന്ന വിഷയമായതിനാല്‍ കോഴയാരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും ഭരണകക്ഷിയില്‍പ്പെട്ട എം.എല്‍.എമാരുടെയും പേര് പറഞ്ഞ് പണം കൈപ്പറ്റിയെന്നതാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്.

പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. അതല്ലാതെ സി.പി.എം സ്വന്തം നിലയില്‍ അന്വേഷണം നടത്തി വിധി പ്രഖ്യാപിക്കാനിത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ലെന്നും സുധാകരന്‍ പറഞ്ഞു. നിലവിലുള്ള പി.എസ്.സി അംഗങ്ങളില്‍ എത്രപേര്‍ ഇത്തരത്തില്‍ കോഴ നിയമനത്തിലൂടെ കയറിയവരാണ് എന്നതുകൂടി അന്വേഷണത്തിന് വിധേയമാക്കണം. കോഴ നല്‍കി പി.എസ്.സി അംഗത്വം നേടുന്നവര്‍ നിയമന തട്ടിപ്പിലൂടെ ആയിരിക്കണം ഇത്തരം പണം വസൂലാക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നുവന്ന പല നിയമന തട്ടിപ്പുകളുടെയും പിന്നില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടോയെന്നത് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പ്രതിസ്ഥാനത്തുള്ളത് സി.പി.എം നേതാവാണ്. ഭരണത്തിലെ ഉന്നതന്റെ പിന്തുണയില്ലാതെ ഈ സി.പി.എം നേതാവ് ഇത്രയും വലിയ തുക കോഴയായി വാങ്ങുമെന്ന് ആരും വിശ്വസിക്കുന്നില്ല. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ കാര്യമായ പുരോഗതി അന്വേഷണത്തിലില്ല. അതിന് കാരണം മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട മന്ത്രിയാണ് ആരോപണത്തിന്റെ പുകമറയില്‍ നില്‍ക്കുന്നത് എന്നത് കൊണ്ടു മാത്രമാണ്. അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തി ഈ കേസ് തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനാലാണ് ഈ കോഴ ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഗൗരവതരമായ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanPinarayi VijayanK Sudhakaran
News Summary - K Sudhakaran attack to MV Govindan in PSC Scam
Next Story