കെ. സുധാകരന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം
text_fieldsകൊച്ചി: ആർ.എസ്.എസ് അനുകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി നേതാക്കൾ അഭിപ്രായപ്പെട്ടു. ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയായി.
ശശി തരൂർ വിവാദം അനവസരത്തിലുള്ളതായെന്ന് യോഗത്തിൽ ആക്ഷേപം ഉയർന്നു. ഇത്തരത്തിൽ കാലതാമസം ഉണ്ടാകരുതെന്നും നേതാക്കൾ ഇനി എന്തെങ്കിലും പരിപാടി നടത്തുന്നുണ്ടെങ്കിൽ ജില്ല കമ്മിറ്റിയെ അറിയിച്ച് വേണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.
ശശി തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ലെന്നും ഡൽഹിയിൽവെച്ച് അദ്ദേഹവുമായി സംസാരിച്ചെന്നും സുധാകരൻ പിന്നീട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാർട്ടി നിർദേശങ്ങൾ പാലിച്ച് സംഘടനയെ ശക്തിപ്പെടുത്തും വിധം തരൂർ പ്രവർത്തിക്കും. അദ്ദേഹത്തെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ല. എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിന് ഉണ്ടാകും. തരൂർ പാർട്ടിയുടെ അസറ്റാണ്. എ.ഐ.സി.സി അനുമതിയോടെ മൂന്ന് മാസത്തിനുള്ളിൽ പാർട്ടി പുനഃസംഘടന പൂർത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു.
കാർഷിക മേഖലയുടെ വിലത്തകർച്ചയിൽ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് രാഷ്ട്രീയകാര്യസമിതി തീരുമാനങ്ങൾ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് അരിയുൾപ്പെടെ എല്ലാറ്റിനും വില കൂടുമ്പോൾ മറുവശത്ത് കാർഷികവിളകളുടെ വില കുത്തനെ താഴേക്ക് പോകുകയാണ്. ഇതിനെതിരെ കർഷകരെയും ജനങ്ങളെയും അണിനിരത്തും. സംസ്ഥാനത്ത് തഴച്ചുവളരുന്ന ലഹരി മാഫിയക്ക് ഗ്രാമ-നഗര വ്യത്യാസമില്ലാതെ പ്രാദേശിക സംരക്ഷണം നൽകുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം തന്നെ മറുപടി നൽകിയതാണെന്ന് യോഗ ശേഷം കെ. മുരളീധരൻ എം.പി വ്യക്തമാക്കി. ''പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂർണമനസ്സോടെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു''-മുരളീധരൻ പറഞ്ഞു.
അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.