സി.പി.എം മലക്കം മറിഞ്ഞ് ബദൽ രേഖയിലെത്തിയെന്ന് കെ. സുധാകരൻ; എം.വി രാഘവന്‍റെ കുഴിമാടത്തിൽ രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്തണം
text_fieldsതിരുവനന്തപുരം:: ഏക സിവിൽ കോഡ് നടപ്പാക്കരുതെന്നു ശക്തമായ നിലപാടെടുത്ത മതേതര ന്യൂനപക്ഷ ജനാധിപത്യ പാര്‍ട്ടിയായ മുസ്ലിം ലീഗിനെയും ക്രിസ്ത്യന്‍ ന്യൂനപക്ഷ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ എടുക്കണമെന്ന ബദല്‍ രേഖ അവതരിപ്പിച്ച എം.വി രാഘവനെ സി.പി.എം പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും സമ്മതിക്കുമോയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍.
അന്ന് ഏക സിവിൽ കോഡിനു വേണ്ടി നിലകൊണ്ട സി.പി.എം അത് ഉള്‍ക്കൊള്ളാതെ രാഘവനെ പുറത്താക്കി. സി.എം.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായതു പോലും സി.പി.എമ്മിന്റെ ഏക സിവിൽ കോഡിനു വേണ്ടിയുള്ള അന്ധമായ നിലപാട് മൂലമാണ്. നാലു ദശാബ്ദത്തിനു ശേഷം ഏക സിവിൽ കോഡിനെതിരേ വീറോടെ വാദിക്കുന്ന സി.പി.എമ്മിന് വിവേകം വൈകി ഉദിച്ചപ്പോള്‍, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും നിയമസഭയിലിട്ടു വരെ ചവിട്ടിക്കൂട്ടുകയും ചെയ്ത നെറികേടുകള്‍ക്ക് പശ്ചാത്താപമായി രാഘവന്റെ കുഴിമാടത്തിൽ പോയി രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
എം.വി രാഘവന് സംരക്ഷണവും രാഷ്ട്രീയ അഭയവും നൽകിയത് യു.ഡി.എഫാണ്. വേട്ടപ്പട്ടികളെ പോലെ രാഘവനെ സി.പി.എം ആക്രമിച്ചപ്പോള്‍, നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് കൂടെ നിന്നു. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അതിരൂക്ഷമാകുകയും തനിക്കെതിരേ വധശ്രമങ്ങള്‍ വരെ ഉണ്ടാകുകയും ചെയ്‌തെന്ന് സുധാകരന്‍ പറഞ്ഞു.
87ലെ തെരഞ്ഞെടുപ്പില്‍ ഏക വ്യക്തി നിയമത്തെ അനുകൂലിച്ച് ന്യൂനപക്ഷത്തിനെതിരേ ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിട്ടാണ് സി.പി.എം അധികാരത്തിലേറിയത്. അതോടൊപ്പം ഭൂരിപക്ഷ ഏകീകരണത്തിനായി ഹിന്ദുമുന്നണിയെ സി.പി.എം ശക്തിപ്പെടുത്തുകയും ചെയ്തു. 87ലെ വിജയത്തെ ലീഗിനെയും കേരള കോണ്‍ഗ്രസിനെയും മൂലക്കിരുത്തിയ രാഷ്ട്രീയ വിജയമായി രാജ്യമെമ്പാടും ആഘോഷിച്ച സി.പി.എമ്മാണ് ഇപ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ പിന്നാലെ നടക്കുന്നത്.
ഏക സിവിൽ കോഡിന് വേണ്ടി നിലകൊണ്ട സി.പി.എമ്മിന്റെ താത്വികാചാര്യന്‍ ഇ.എം.എസ്, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുശീലാ ഗോപാലന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് പി. സതിദേവി തുടങ്ങിയ പ്രമുഖരെ തള്ളിപ്പറയേണ്ട ഗതികേടിലാണിപ്പോള്‍ സി.പി.എം. 1985 ഫെബ്രുവരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ രണ്ടാം അഖിലേന്ത്യ സമ്മേളനത്തില്‍ ശരിഅത്ത് മാറ്റിയെഴുതണം എന്നുവരെ ഇ.എം.എസ് പ്രസംഗിച്ചു. ഇതെല്ലാം ഇപ്പോൾ തള്ളിപ്പറയുന്ന സി.പി.എമ്മിന്റ അവസ്ഥ പരിതാപകരമാണെന്നു സുധാകരന്‍ പരിഹസിച്ചു.
87ലെ തെരഞ്ഞെുടപ്പില്‍ നടപ്പാക്കിയ ന്യൂനപക്ഷ ഏകീകരണത്തിന്റെ മറ്റൊരു പതിപ്പിനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം കേരളത്തില്‍ ആഞ്ഞടിക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡ് ഉയര്‍ത്തി അതിനെ മറികടക്കാമെന്നും യു.ഡി.എഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിലെ രാഷ്ട്രീയം വ്യക്തമായി മനസിലാക്കിയാണ് മുസ്ലിം ലീഗ് സി.പി.എം സെമിനാറിൽ നിന്ന് വിട്ടുനിന്നത്. മാരീചനെപ്പോലെ സി.പി.എം ശ്രമം തുടരുമെങ്കിലും അതു കേരളത്തില്‍ വിലപ്പോകില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.