‘ഏത് പൊട്ടനോടാണ് പറയേണ്ടതെ’ന്ന് കെ. സുധാകരന്‍; കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ സർക്കാറിനെതിരെ വിമർശനം
text_fieldsതിരുവനന്തപുരം: കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. കള്ളും കഞ്ചാവും വില്‍പന നടത്തി ഇടതുപക്ഷ നേതാക്കൾ ജീവിക്കുന്ന ഇടത്തേക്ക് നാട് എത്തിയിരിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കളമശ്ശേരിയില്‍ കഞ്ചാവ് പിടിച്ചത് എസ്.എഫ്.ഐ നേതാവിന്‍റെ കൈയ്യിൽ നിന്നാണ്. അത് കൊണ്ട് തന്നെ അതിന്‍റെ കസ്റ്റോഡിയൻ ആ നേതാവ് ആണെന്നും സുധാകരൻ പറഞ്ഞു.
ഇത്തരക്കാരെ വിദ്യാർഥികളെന്ന് വിളിക്കുന്നത് പോലും ശരിയല്ല. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതികളായ എല്ലാ ലഹരി കേസുകളും പൊലീസ് അട്ടിമറിക്കുകയാണ്. കേസെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ ആണ്. എല്ലാ സ്ഥലത്തും പരിശോധന നടത്തണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യപ്പെടുന്നത്. പക്ഷെ ഇത് ഏത് പൊട്ടനോടാണ് പറയേണ്ടതെന്നും സുധാകരൻ പരിഹസിച്ചു.
കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്നും കെ. സുധാകരന്‍ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവരെ വിദ്യാർഥികളെന്ന് പറയനാകില്ല. കര്‍ശനമായ നടപടി വേണം. ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. സി.പി.എമ്മുകാര്‍ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും പ്രതികളെ ജാമ്യത്തില്‍ വിടുന്നത് പതിവായി. സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുത്താല്‍ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍.അല്ലെങ്കില്‍ ഉടന്‍ സ്ഥലം മാറ്റുകയും ചെയ്യും. മദ്യവും ലഹരിയും വിറ്റ് വരുമാനം ഉണ്ടാക്കുകയാണ് എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.
സര്‍ക്കാറിന് ലഹരിമാഫിയയോടാണ് പ്രതിബദ്ധത. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി. മയക്കുമരുന്ന വ്യാപാരത്തിന് എസ്.എഫ്.ഐ നേതാക്കള്‍ ഒത്താശ ചെയ്യുകയാണ്. ലഹരി വ്യാപനത്തെ തടയുന്നതിനായി എല്ലായിടത്തും പരിശോധന ശക്തമാക്കണം. കര്‍ശന നടപടികളാണ് വേണ്ടത്. പക്ഷെ അത് ആരോടാണ് പറയേണ്ടത്? ഉത്തരവാദിത്തപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാക്കളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ നാട് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെയാണ് ഇതിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ലഹരി മരുന്ന് വില്‍പന നടത്തി ജീവിക്കുന്ന ഇടത്തേക്ക് നാടെത്തിയിരിക്കുകയാണ്. കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും ഈ നാടിനെ മോചിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ലഹരിയില്‍ നിന്നുള്ള മോചനത്തിനായി ഒരു യുദ്ധപ്രഖ്യാപനമാണ് കെ.പി.സി.സി നടത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള സാമൂഹ്യജീവിതം വേണമോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും കെ. സുധാകരന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.