ഉന്നതര്‍ കുടുങ്ങുമെന്ന് ഭയം, 'ചെമ്പട'യുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ നേതാള്‍ അബിന്‍ സി. രാജും നിഖില്‍ തോമസും ഉന്നതരായ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നൽകിയിട്ടും ആ വഴിക്കുള്ള അന്വേഷണം നിലച്ചത് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അന്വേഷണം തുടര്‍ന്നാല്‍ സി.പി.എമ്മിലെ പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞു വീഴും. നിഖിലിന്റെ ഫോണ്‍ പൊലീസ് മനഃപ്പൂര്‍വ്വം ഒളിപ്പിച്ചത് ഇതിലുള്ള രഹസ്യങ്ങളുടെ കലവറ തുറക്കുമെന്നു ഭയന്നാണ്.
സി.പി.എമ്മിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായ ചെമ്പട കായംകുളം, കായംകുളം വിപ്ലവം എന്നിവ ചേരിതിരിഞ്ഞു നടത്തുന്ന പോരാട്ടത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് സുധാകരൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ കെ.എച്ച്. ബാബുജാന്റെ സഹായത്തോടെ കായംകുളത്തെ മറ്റൊരു സി.പി.എം നേതാവിന് കേരള ലോ അക്കാദമിയില്‍ എല്‍എല്‍എമ്മിന് അഡ്മിഷന്‍ ലഭിച്ചതിനെ ചെമ്പട കായംകുളം ചോദ്യം ചെയ്യുന്നു. മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും എസ്.എഫ്.ഐ പ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതിയുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ അഡ്മിഷന്‍ നേടിയത്. ബി.കോമിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.എസ്.എം കോളജില്‍ നിഖില്‍ തോമസിന് എം.കോമിന് അഡ്മിഷന്‍ നേടിക്കൊടുത്തതും ബാബുജാനാണ്.
നിഖിലിന് മാത്രമല്ല നിരവധി പേര്‍ക്ക് അബിന്‍ സി. രാജ് കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് പണം വാങ്ങി നല്‍കിയതായി 'കായംകുളത്തിന്റെ വിപ്ലവം' എന്ന ഫെയ്ബുക്ക് കൂട്ടായ്മയും ആരോപിക്കുന്നു. ആരോപണം നേരിടുന്ന നേതാക്കളെല്ലാം സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. പേടിച്ചുനില്ക്കുന്ന പൊലീസ് ഈ യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്. സി.പി.എമ്മിന്റെ സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ഉയർന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിക്കണം. അതിന് പൊലീസ് തയ്യാറല്ലെങ്കിൽ ഈ വിഷയങ്ങളിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി കോടതിയെ സമീപിക്കും -കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.