കെ. സുധാകരൻ ആദ്യം ലക്ഷ്യംവെച്ചത് എന്നെ –മമ്പറം ദിവാകരൻ
text_fieldsതലശ്ശേരി: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് ആയതിനുശേഷം ആദ്യം ലക്ഷ്യംവെച്ചത് തന്നെയാണെന്ന് തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ മമ്പറം ദിവാകരൻ.
ആശുപത്രി തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇന്ദിര ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി ഇടപെടാറില്ല. ആശുപത്രി കെട്ടിപ്പടുത്തതിന് പിന്നിൽ തെൻറ കഠിനാധ്വാനമാണ്. ആശുപത്രി പ്രസിഡൻറ് സ്ഥാനത്തുനിന്നും തന്നെ പുറത്താക്കാൻ കെ. സുധാകരൻ ശ്രമിച്ചു. ആശുപത്രിയെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞത്. ആശുപത്രിയെ തകർക്കാൻ സമ്മതിക്കില്ല.
1969 മുതൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കണ്ണൂർ ഡി.സി.സി ഓഫിസിനായി 42 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഡി.സി.സി ഓഫിസ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറാകാൻ യോഗ്യനല്ല. സുധാകരൻ പ്രഡിഡൻറ് ആകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
താൻ വായ് തുറന്നാൽ കെ. സുധാകരൻ താങ്ങില്ല. കെ. കരുണാകരൻ ട്രസ്റ്റ് എന്ന പേരിൽ തട്ടിക്കൂട്ട് ട്രസ്റ്റ് ഉണ്ടാക്കി. കെ. കരുണാകരൻ ട്രസ്റ്റിനെ സുധാകരൻ സ്വകാര്യ കമ്പനിയാക്കി.
അടുപ്പക്കാരെയും ബിസിനസുകാരെയും കമ്പനിയിൽ അംഗങ്ങളാക്കി. ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് ചള്ള് കുട്ടിയാണ്. സുധാകരനെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ അകാരണമായാണ് പുറത്താക്കുന്നത്. താൻ ഒരു പ്രവർത്തകൻ, അനുഭാവി മാത്രമാണ്. തനിക്ക് മെംബർഷിപ്പില്ല. ഇങ്ങനെയുള്ള തന്നെ എങ്ങനെയാണ് പുറത്താക്കുക. ആര് പറഞ്ഞാലും ഞാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്ന് പുറത്തുപോകില്ല. ഞാൻ ഒരു ആൻറി കമ്യൂണിസ്റ്റും ആൻറി ബി.ജെ.പിയുമാണ്.
ചെത്തുകാരൻ കുടുംബമാണ് എെൻറയും. അതിൽ അഭിമാനംകൊള്ളുന്നതായും മമ്പറം ദിവാകരൻ പറഞ്ഞു.
നടപടി മമ്പറം ദിവാകരൻ ക്ഷണിച്ചുവരുത്തിയത് –മാർട്ടിൻ ജോർജ്
കണ്ണൂർ: അച്ചടക്ക ലംഘനത്തിന് പാർട്ടി പുറത്താക്കിയ മമ്പറം ദിവാകരൻ നടപടി ക്ഷണിച്ചുവരുത്തിയതാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തെൻറ പണംകൊണ്ട് വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ്, മമ്പറം ദിവാകരെൻറ പാർട്ടിവിരുദ്ധ പ്രവർത്തനം അക്കമിട്ട് നിരത്തി. തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ മത്സരം സൃഷ്ടിച്ചു. മത്സരം ഒഴിവാക്കാൻ 16 പേരുടെ ലിസ്റ്റ് ഡി.സി.സി നൽകി. അതിൽനിന്ന് നാലോ അഞ്ചോ പേരെ ഉൾപ്പെടുത്താൻ പാർട്ടി ആവശ്യപ്പെെട്ടങ്കിലും ദിവാകരൻ വഴങ്ങിയില്ല.
ഇതുസംബന്ധമായി ഡി.സി.സി പ്രസിഡൻറ് നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും എടുക്കാൻ തയാറായില്ല. പ്രശ്ന പരിഹാരത്തിന് കെ. മുരളീധരൻ എം.പി നടത്തിയ ശ്രമത്തോടും സഹകരിച്ചില്ല. മധ്യസ്ഥതയുമായി പാർട്ടി നിയോഗിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തെ അപമാനിച്ച് തിരിച്ചയച്ചെന്നും മാർട്ടിൻ ജോർജ് വെളിപ്പെടുത്തി.
ആശുപത്രി നിയമനങ്ങളിൽ പാർട്ടിയെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന് സ്വാധീനിക്കാൻ കഴിയുന്നവരെയും വൻ ബിസിനസുകാരെയുമാണ് മമ്പറം ദിവാകരൻ പാനലിൽ ഉൾപ്പെടുത്തിയതെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.