കണ്ണൂരിൽ നിന്നല്ലേ സുധാകരൻ വരുന്നത്; സി.പി.എം എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമെന്ന് എം.എം മണി
text_fieldsതിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്‍റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് മുന്നറിയിപ്പുമായി മുൻ മന്ത്രി എം.എം. മണി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ലെന്ന് എം.എം. മണി പറഞ്ഞു.
കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികൾ ജയിലിൽ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരന് വരുന്നതെന്നും മണി ചൂണ്ടിക്കാട്ടി.
സുധാകരൻ സി.പി.എം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. സുധാകരന് പറഞ്ഞതിന് തക്ക മറുപടി നൽകിയിട്ടില്ല. ധീരജ് വധക്കേസിൽ നിയമം നിയമത്തിന്‍റെ വഴിയിൽ പോകുമെന്ന വിശ്വാസമാണുള്ളതെന്നും എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആണ് രംഗത്തെത്തിയത്. കെ. സുധാകരന്‍റെ ജീവിതം സി.പി.എം നൽകുന്ന ഭിക്ഷയാണെന്നാണ് ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വർഗീസ് പറഞ്ഞത്. ഒരു നികൃഷ്ടജീവിയെ കൊല്ലാൻ താൽപര്യമില്ലായെന്നും ജില്ല സെക്രട്ടറി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർക്കാറിന്‍റെ ഭരണപരാജയത്തിനെതിരെ ചെറുതോണിയിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സി.പി.എം നടത്തിയ പരിപാടിയിലാണ് സുധാകരനെതിരെ വിവാദ പരാമർശം ഉയർന്നത്.
ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥിയായ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സി.പി.എം-കോൺഗ്രസ് പോര് രൂക്ഷമാണ്. ധീരജ് വധത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇപ്പോൾ അറസ്റ്റിലായ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും കെ. സുധാകരൻ നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.