കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് കെ.സുധാകരൻ
text_fieldsതിരുവനന്തപുരം: അഴിമതി കാമറയ്‌ക്കെതിരേ കോണ്‍ഗ്രസ് നാളെ നടത്തുന്ന സുപ്രധാന സമരത്തില്‍ ഇടതുപക്ഷക്കാരും ബി.ജെ.പിക്കാരും ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എ.ഐ കാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.
മതിയായ സിഗ്നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അണികള്‍ ഓര്‍ക്കണം.മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിന് അഞ്ചുവര്‍ഷവും ശുഷ്‌കമായ ഖജനാവിലേക്ക് ആജീവനാന്തകാലവുമാണ് അഴിമതി കാമറിയലൂടെ പണം എത്തുന്നത്.
തിങ്കളാഴ്ച പദ്ധതി നടപ്പാക്കുമ്പോള്‍ ഉയരുന്ന ജനരോഷം കാണാതിരിക്കാനാണ് മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തന്നെ അമേരിക്കക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പേരില്‍ അമേരിക്കയില്‍ നടക്കുന്ന വമ്പിച്ച പണപ്പിരിവിനെതിരേ അവിടെയും ജനരോഷം ആളിക്കത്തുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കേണ്ട. സര്‍ക്കാരിന് നേരിട്ട് മുതല്‍ മുടക്കില്ലെന്ന് വാദിക്കുമ്പോഴും പദ്ധതിക്കായി കമ്പനികള്‍ നിക്ഷേപിച്ച തുകയുടെ പലമടങ്ങ് സാധാരണക്കാരനെ പിഴിഞ്ഞ് നല്‍കാമെന്ന ധാരണയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. എന്നാല്‍ പദ്ധതിയിലെ കൊള്ളരുതായ്മകളെയാണ് കോണ്‍ഗ്രസ് തുറന്ന് കാട്ടുന്നതും അഴിമതിയുടെ ചുരുളുകള്‍ അഴിച്ച് സത്യം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതും. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വച്ച് അഴിമതിക്ക് വെള്ളപൂശുന്ന സിപിഎമ്മിന് ഇതിനെതിരേ ഉയരുന്ന ജനരോഷം കണ്ട് നിലപാട് മാറ്റേണ്ടി വരും. അഴിമതി ക്യാമറയെ തുരത്തുന്നതുവരെ സമരവും നിയമപോരാട്ടവും തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.