ദേവസ്വം മന്ത്രി മുഖ്യമന്ത്രിയുടെ വാലിൽപിടിച്ച് ഊരുതെണ്ടാതെ ശബരിമല സൗകര്യം ഏകോപിപ്പിക്കണം -കെ. സുധാകാരന്‍ എം.പി
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ഭക്തർ ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയ്യാറാകണമെന്നും നവ കേരള സദസില്‍ മുഖ്യമന്ത്രിയുടെ വാലിൽപിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.
മണ്ഡലകാലത്ത് ശബരിമലയില്‍ മുന്‍കാലങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താന്‍ ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലയുണ്ടായിരുന്നു. നവ കേരള സദസ് പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പി.ആര്‍ എക്‌സര്‍സൈസിന്റെ ഭാഗമായുള്ള നവ കേരള സദസില്‍ മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
മണിക്കൂറുകളായി നീളുന്ന ക്യൂവില്‍നിന്ന് കുട്ടികളും വൃദ്ധരുമായ ഭക്തര്‍ ഉള്‍പ്പെടെ വലയുകയാണ്. കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളത്. ഹൃദയസംബന്ധമായ അസുഖം ഉള്‍പ്പെടെ വിവിധ രോഗങ്ങളുള്ളവരും ശബരിമല ദര്‍ശനത്തിനായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 10 വയസുകാരി കുഴഞ്ഞ് വീണ് മരിക്കാനിടയായി. പതിനെട്ട് മണിക്കൂറോളം നീളുന്ന ക്യൂവിലെ തിക്കിലും തിരക്കിലും പെട്ട് പല അയപ്പ ഭക്തരും കുഴഞ്ഞുവീഴുന്നത് പതിവായിട്ടുണ്ട്.
മണിക്കൂറുകളായി ക്യൂവില്‍ നില്‍ക്കുന്നിടങ്ങളിലെല്ലാം മേല്‍ക്കൂര സൗകര്യം ഇല്ലാത്തതിനാല്‍ മഴയും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ക്യൂവില്‍ നിന്ന് തളര്‍ന്ന ഭക്തര്‍ ക്യൂവില്‍നിന്നിറങ്ങി ചെങ്കുത്തും വഴുക്കുള്ളതുമായ പ്രദേശം വഴി സന്നിധാനം ലക്ഷ്യമായി നടക്കുന്നത് കൂടുതല്‍ അപകടത്തിന് വഴിവെക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ശബരിമലയില്‍ ആവശ്യത്തിന് പൊലീസുകാരുടെ കുറവുണ്ട്. ഇത് തിരക്ക് നിയന്ത്രിക്കുന്നതിന് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമല ദര്‍ശനത്തിന് പ്രതിദിനം എത്തുന്നത്.
ഭക്തര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ട സ്ഥലമായിട്ടും പൊലീസുകാരെ സ്വന്തം സുരക്ഷക്കായി വിന്യസിക്കുന്ന അല്‍പനായി മുഖ്യമന്ത്രി മാറി. മുന്‍പ് ശബരിമല വിഷയത്തില്‍ കൈപൊള്ളിയതിന്റെ പ്രതികാരമാണോ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവമെന്ന് സംശയമുണ്ട്. ഇനിയൊരു അപകടം ഉണ്ടായാല്‍ മാത്രമെ സര്‍ക്കാര്‍ കണ്ണുതുറന്ന് നടപടി സ്വീകരിക്കുയെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
ഭക്തരുടെ കൈയ്യില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ശ്രദ്ധയുള്ളത്. അവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനോ അവരുടെ ജീവന് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനോ സര്‍ക്കാരിന് കഴിയാതെ പോകുന്നു.
ക്യൂ കോംപ്ലക്‌സില്‍ സൗകര്യങ്ങളില്ലെന്ന പരാതി ഭക്തര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. മണ്ഡലകാല തീർഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതര അലംഭാവമാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്ത് നിന്നുണ്ടായതെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.