'വിദേശ പര്യടനത്തിനായിരുന്നു പ്രാധാന്യം'; കോടിയേരിയുടെ തിരുവനന്തപുരത്തെ പൊതുദര്‍ശനം അട്ടിമറിച്ചത് പിണറായിയെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല. 2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നുവെന്നും സുധാകരൻ ആരോപിച്ചു.
തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സി.പി.എമ്മിന്‍റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നൽകിയത് -സുധാകരൻ പറഞ്ഞു.
തലസ്ഥാനത്ത് ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് വെളിപ്പെടുത്തിയത്. എം.വി. ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. ഭൗതികശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂരേക്ക് കൊണ്ടുപോയതെന്ന പാര്‍ട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്. കുടുംബത്തില്‍നിന്നുയര്‍ന്ന പരാതിക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരുവെന്നും സുധാകരന്‍ പറഞ്ഞു.
കോടിയേരിയുടെ ഭൗതികശരീരം ചെന്നൈയില്‍നിന്ന് നേരേ കണ്ണൂരേക്ക് കൊണ്ടുപോയി സംസ്‌കരിച്ചത് പാര്‍ട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ്. എ.കെ.ജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തെത്താന്‍ രണ്ടു ദിവസമെടുത്തു. ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ല.
ആഭ്യന്തരമന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും എം.എല്‍.എയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കര്‍മഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിനു പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെ നിന്ന് കണ്ണൂര്‍ വരെയുമുള്ള വിലാപയാത്രക്കും ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്ന് സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.