ദീപുവിന്‍റെ മരണത്തിൽ പ്രതികരിക്കാതെ സാംസ്‌കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുന്നു -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സി.പി.എം എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. ദലത് വിരുദ്ധതയും ദലിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി.പി.എം. മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോളിതാ ഒരു ദലിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഇനിയെങ്കിലും ദലിത് വിരോധം അവസാനിപ്പിക്കാന്‍ സി.പി.എമ്മിനോട് കെ.പി.സി.സി ആവശ്യപ്പെടുന്നതായും സുധാകരൻ വ്യക്തമാക്കി.
കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എം.എല്‍.എ അപമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം നടത്തിയ ദീപുവിന്‍റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകാത്ത സാംസ്‌കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില്‍ നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ല. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദലിതരുടേത്. കൊടിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദലിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കെ. സുധാകരന്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.