തന്‍റെ മനസ് കല്ലല്ല, ധീരജിന്‍റെ മരണത്തിൽ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്ന് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രന്‍റെ മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്‍റെ മനസ് കല്ലും ഇരുമ്പുമൊന്നുമല്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താൻ മനുഷ്യത്വം വളരെ ആഴത്തിലും പരപ്പിലും കാത്തുസൂക്ഷിക്കുന്ന സാധാരണ പ്രവർത്തകനാണ്. ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള സി.പി.എം ശ്രമങ്ങൾ പുത്തരിയല്ലെന്നും ഇതിലൊന്നും തനിക്ക് ഭയപ്പാടില്ലെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്‍റെ മൃതദേഹം വീട്ടുപറമ്പില്‍ അടക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍, അവിടെയല്ല അടക്കേണ്ടതെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. എട്ട് സെന്‍റ് സ്ഥലം വില കൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കിമാറ്റാന്‍ ശ്രമിച്ച സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ മനസ് ജനങ്ങള്‍ തൊട്ടറിയണമെന്നും സുധാകരന്‍ വിമർശിച്ചു.
ധീരജിന്‍റേത് കോണ്‍ഗ്രസ് കുടുംബമാണ്. അവരെ ഒരിക്കലും തള്ളിപ്പറയില്ല. ധീരജിന്‍റെ വേര്‍പാടിന് പിന്നാലെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ല. താനവിടെ പോയാല്‍ അതിന്‍റെ ദുരന്തങ്ങള്‍ അനുഭവിക്കുക ധീരജിന്‍റെ കുടുംബമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് തിരുവാതിര കളിച്ചും സി.പി.എം മരണം ആഘോഷമാക്കി. ഒരു ചെറുപ്പക്കാരന്‍റെ നിശ്ചലമായ ശരീരം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ കിടക്കുമ്പോള്‍ അതിന്‍റെ മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എം.എം. മണി ദയാലുവായ മഹാനുഭാവനാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി സംഘര്‍ഷങ്ങളുണ്ടായിരുന്നു. കെഎസ്.യുക്കാര്‍ക്ക് കോളജില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ചുറ്റുപാടുണ്ടായി. ഈ സാഹചര്യത്തിലാണ് കോളജിലെ കെ.എസ്.യു പ്രവർത്തകർക്ക് സംരക്ഷണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടത്. എന്നാല്‍ അതിനും സി.പി.എം അവസരം നല്‍കിയില്ല. എല്ലാവരെയും അടിച്ചോടിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ തല്ലി ആശുപത്രിയിലാക്കി.
ധീരജിന്‍റെ കൊലപാതകം നടന്ന ദിവസം ഉച്ചയോടെ കോളജിന് പുറത്തു നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസുകാരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള 40 അംഗസംഘം ഓടിച്ചിട്ടു തല്ലുകയായിരുന്നു. നിഖില്‍ പൈലിയും ആ കൂട്ടത്തിലുണ്ടായിരുന്നു. അതിനിടെയാണ് ധീരജിന് കുത്തേറ്റത്. ധീരജ് വീഴുന്നത് കണ്ടെന്നും പക്ഷേ കുത്തുന്നത് കണ്ടില്ലെന്നുമാണ് ധീരജിനൊപ്പമുള്ള എസ്.എഫ്.ഐക്കാര്‍ പറഞ്ഞിരുന്നത്. ധീരജ് ഇടി കൊണ്ട് വീണതാണെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നെ എങ്ങനെയാണ് ധീരജ് മരിച്ചതിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ വരുന്നതെന്നും സുധാകരന്‍ ചോദിച്ചു.
കോളജിലെ സംഘര്‍ഷത്തിനിടെ നിരവധി തവണ എസ്.എഫ്.ഐക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചിരുന്നു. കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെയെന്നാണ് പൊലീസ് പറഞ്ഞത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ച് മടുത്തു നില്‍ക്കുകയായിരുന്നു പൊലീസ്. എസ്.എഫ്.ഐക്കാരെ ശല്യക്കാരായി പൊലീസുകാര്‍ക്ക് പോലും തോന്നിയത് കൊണ്ടാകാം അവര്‍ അങ്ങനെ പറഞ്ഞതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും ബോധ്യം വന്നിട്ടില്ലെന്നും പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.