സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലേപ്പോക്കിന്‍റെ ഇരയാണ് സജീവൻ -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: പറവൂരിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യക്ക് ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. ചുവപ്പുനാടയില്‍ക്കുടുങ്ങി ഒരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയത് സര്‍ക്കാറിന്‍റെ പിടിപ്പുകേട് കൊണ്ടാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണമെന്നും സുധാകരൻ പറഞ്ഞു.
ഒരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് ജീവനക്കാരെ ബോധവത്ക്കരിച്ച മുഖ്യമന്ത്രിക്ക് സജീവന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് എം.ജി സര്‍വകലാശാലയില്‍ ഇടതുപക്ഷ അനുകൂല ജീവനക്കാരി വിദ്യാർഥിയുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ഭരണസ്തംഭനം താഴെത്തട്ടില്‍വരെയെത്തി എന്നതിന് തെളിവാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സജീവന്‍റെ ആത്മഹത്യക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സംരക്ഷിക്കാനാണ് സര്‍ക്കാരും റവന്യൂ മന്ത്രിയും ശ്രമിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലേപ്പോക്ക് നടപടികളുടെ ഇരയാണ് ആത്മഹത്യ ചെയ്ത സജീവനെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.