'പിണറായിയുടെ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സി.പി.എമ്മിന്': മഗ്സസെ വിവാദത്തിൽ കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: മഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് മുൻ മന്ത്രി കെ.കെ. ശൈലജയെ വിലക്കിയ സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സി.പി.എമ്മിനെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കെ.കെ. ശൈലജയോട് സി.പി.എമ്മിന് പ്രത്യേക കാഴ്ചപ്പാടാണ്. അതാണ് അവാർഡ് സ്വീകരിക്കരുതെന്ന് പറയാൻ കാരണമെന്നും കെ. സുധാകരൻ ആരോപിച്ചു.
കഴിഞ്ഞ മന്ത്രിസഭയിൽ തിളങ്ങിയ നക്ഷത്രം കെ.കെ. ശൈലജയാണെന്ന് സി.പി.എം തന്നെ പറഞ്ഞ് നടന്നിരുന്നു. അത്തരത്തിലുള്ള ഒരാളെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാക്കിയില്ലെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത ഇടത് സർക്കാറിനും മുഖ്യമന്ത്രിക്കുമുണ്ട്. അതിന്‍റെ അവസാനത്തെ അധ്യായമാണ് അവാർഡ് വാങ്ങുന്നത് വിലക്കിയ നടപടി.
കോവിഡ് പ്രതിരോധത്തിനായി സർക്കാർ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും അഴിമതിയുണ്ട്. ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ എല്ലാവരും കുടുങ്ങും. കഴിഞ്ഞ അഞ്ച് വർഷത്തെ ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനം സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്.
ഫർസീൻ മജീദിനെ കാപ്പ ചുമത്താൻ കേരളത്തിലെ സർക്കാറിനോ പൊലീസിനോ സാധിക്കില്ല. കാപ്പ ചുമത്തിയാൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. കാപ്പ ചുമത്തുന്നതിനുള്ള യാതൊരു കുറ്റവും ഫർസീൻ ചെയ്തിട്ടില്ല. അല്ലെങ്കിൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസ് തെളിയിക്കട്ടെ എന്നും കോടതി പറയട്ടെ എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ ആക്രമിച്ച സംഭവത്തിൽ ഇ.പി. ജയരാജന്‍ കുടുങ്ങുമെന്ന് അന്നേ താൻ പറഞ്ഞിരുന്നു. അന്ന് ഈ വിഷയത്തിൽ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവസാനം ജയരാജന്‍റെ പേരിൽ കേസെടുത്തു. യുവാക്കളെ ആക്രമിച്ചതും ഷൂസിട്ട് ചവിട്ടിയതും ജയരാജനും ഗൺമാനുമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഏഷ്യയിലെ അത്യുന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്നാണ് മുൻ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയെ സി.പി.എം വിലക്കിയത്. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ പേരിലെ പുരസ്കാരത്തിന് മൂന്നുമാസം മുമ്പാണ് ശൈലജയുടെ പേര് നിർദേശിക്കപ്പെട്ടത്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഫലപ്രദമായി നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ഫൗണ്ടേഷൻ ശൈലജയെ തിരഞ്ഞെടുത്തത്. ഇക്കാര്യം ശൈലജ പാർട്ടിയെ അറിയിച്ചപ്പോൾ സ്വീകരിക്കുന്നതിൽനിന്ന് വിലക്കുകയായിരുന്നു. കോവിഡ് പ്രതിരോധം സര്‍ക്കാറിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്നും വ്യക്തിയുടെതല്ലെന്നുമുള്ള നിലപാടിലായിരുന്നു പാർട്ടി തീരുമാനം.
അതേസമയം, താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കൂട്ടായ തീരുമാനമെന്നാണ് പ്രതികരിച്ചത്. ശൈലജയെ സി.പി.എം വിലക്കി എന്ന റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറി തള്ളിയിരുന്നു.
കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ മഗ്സസെയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നായിരുന്നു സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന അവാർഡല്ല ഇതെന്നും കോവിഡ്, നിപ പ്രതിരോധം സർക്കാർ ഒരുമിച്ചുനടത്തിയ പ്രവർത്തനമായിരുന്നെന്നും സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.