അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ഈ ധര്‍മസമരത്തില്‍ ആത്യന്തിക വിജയം കോണ്‍ഗ്രസ് നേടുക തന്നെ ചെയ്യും. സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും ഒലിച്ചു പോകുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സി.ഐക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നൽകി പിണറായി സര്‍ക്കാര്‍ ആദരിക്കുകയാണ് ചെയ്തത്. ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണ് പൊലീസ് ആസ്ഥാനം?. പാമ്പിനെ കടിപ്പിച്ച് കൊന്ന ഉത്രയുടെയും മോഫിയുടെയും മരണത്തിന് ഈ ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാണ്. നിരവധി പേര്‍ ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തുവന്നു. ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റിനിര്‍ത്തണമെന്ന ശിപാര്‍ശ പോലും ആഭ്യന്തര വകുപ്പ് കാറ്റില്‍പ്പറത്തി. പൊലീസ് സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ പരിഗണനവെച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം സി.പി.എം സത്രീപക്ഷത്തല്ലെന്നാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
സ്ത്രീസുരക്ഷക്കായി വാതോരാതെ പ്രസംഗിക്കുകയും മതിലുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പിണറായി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രങ്ങള്‍ പെരുകുകയാണ്. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരും ഭരണസംവിധാനവുമെന്ന് ഓരോ സംഭവും തെളിയിക്കുന്നു. ഈ വര്‍ഷം മാത്രം 11,124 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 3252 കേസുകളും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ്. ഈ വര്‍ഷം എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിണറായി സര്‍ക്കാറിന്‍റെ കീഴില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.