മരം മുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞ്; തെളിവ് പുറത്തുവിടുമെന്ന് കെ. സുധാകരൻ
text_fieldsപാലക്കാട്: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ആഭ്യന്തര വകുപ്പ് അറിഞ്ഞാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് നിരവധി തെളിവുകളുണ്ട്. ആവശ്യമെങ്കിൽ തെളിവ് പുറത്തുവിടുമെന്ന് കെ. സുധാകരൻ പറഞ്ഞു.
സർക്കാർ അറിയാതെയാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്ന് പറയുന്നത് മുഖവിലക്കെടുക്കാനുള്ള ബുദ്ധിശൂന്യത പ്രബുദ്ധ കേരളത്തിനില്ല. മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ നാടിന് മനസിലാവും. മുട്ടിൽ മരംമുറി അടക്കം പലതും നടന്നപ്പോഴും വനം മന്ത്രി അറിഞ്ഞിരുന്നില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
മന്ത്രി അറിയാതെ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് പറയുന്നത് ഒരു പരിഷ്കൃത സമൂഹത്തെ ഭരിക്കുന്ന സർക്കാറിന് ഭൂഷണമല്ല. കേരളത്തിന്‍റെ പൊതുതാൽപര്യത്തെ ഒറ്റുകൊടുക്കുന്നതാണ് സർക്കാർ നടപടി. അനധികൃത ഉത്തരവ് സർക്കാർ പിൻവലിക്കണം. ഉത്തരവ് ഇറക്കാൻ പിന്നാമ്പുറത്ത് പ്രവർത്തിച്ചവർ ആരെന്ന് അറിയാൻ ജനങ്ങൾ അവകാശമുണ്ട്. വിഷയത്തിൽ സുതാര്യമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
വകുപ്പിലെ കാര്യങ്ങൾ അറിയാത്ത മന്ത്രി തൽസ്ഥാനത്ത് തുടരുന്നത് അഭിമാനത്തിന് യോജിച്ചതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. താനറിയാതെ തന്‍റെ വകുപ്പ് മറ്റൊരു വകുപ്പും ഉദ്യോഗസ്ഥരും ഭരിക്കുന്നത് സഹിച്ച് മന്ത്രികസേരയിൽ ഇരിക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നുവെന്നും കെ. സുധാകരൻ ചോദിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് തമിഴ്നാട് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. ഇതിനെ ആശങ്കയോടെയാണ് കേരളം കാണുന്നത്. തമിഴ്നാടിനെ സംബന്ധിച്ച് കുടിവെള്ളത്തിന്‍റെ പ്രശ്നമാണെങ്കിൽ കേരളത്തിന് ഇത് നിലനിൽപ്പിന്‍റെ വിഷയമാണ്. അണക്കെട്ടിൽ കൂടുതൽ വെള്ളം സംഭരിക്കരുതെന്ന് കേരളം ആവശ്യപ്പെടുന്നത് പൊതുതാൽപര്യ പ്രകാരമാണ്.
മരം മുറിക്കുന്ന മേഖലയിൽ പല ഉദ്യോഗസ്ഥർക്കും സ്വകാര്യ ഭൂമിയുണ്ട് എന്നത് അങ്ങാടിപ്പാട്ടാണ്. അവർക്ക് വ്യക്തിതാൽപര്യം ഉണ്ടാകാമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.