എസ്.എഫ്.ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധഃപതിച്ചു; തോട്ടട ഐ.ടി.ഐയിലെ അക്രമം കിരാതമെന്ന് കെ. സുധാകരന്‍
text_fieldsകണ്ണൂര്‍: തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച എസ്.എഫ്.ഐ നടപടി കിരാതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഫാഷിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് സമാനമായി എസ്.എഫ്.ഐയുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി. ഒരു വിദ്യാർഥിയെ ക്രൂരമായിട്ടാണ് മര്‍ദിച്ചത്. ഇതിനു പുറമെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കാമ്പസിനുള്ള സ്ഥാപിച്ച കൊടിമരം എസ്.എഫ്.ഐക്കാര്‍ തകര്‍ത്തത്.
മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ കെ.എസ്.യു യൂനിറ്റ് സ്ഥാപിച്ചത്. യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കുകയാണ്. അക്രമികള്‍ക്ക് സഹായം ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പക്ഷപാതപരമായിട്ടാണ് പൊലീസ് പെരുമാറിയത്. ഐ.ടി.ഐയിലെ അധ്യാപകരും ഈ ക്രൂരതക്ക് കൂട്ടുനില്‍ക്കുകയാണ്.
വളര്‍ന്നു വരുന്ന തലമുറയില്‍ രാഷ്ട്രീയ നേതൃപാടവം വളര്‍ത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സി.പി.എം നേതൃത്വം. കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്‍ സി.എച്ചിനെ എസ്.എഫ്.ഐക്കാര്‍ ഐ.ടി.ഐ കാമ്പസിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അര്‍ജുന്‍ കോറാം, രാഗേഷ് ബാലന്‍, ഹരികൃഷ്ണന്‍ പാളാട് ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.
കൈയ്യൂക്കിന്റെ ബലത്തില്‍ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാര്‍ഷ്ട്യം സി.പി.എമ്മും എസ്.എഫ്.ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതം. അക്രമം കോണ്‍ഗ്രസ് ശൈലിയല്ല. ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാര്‍ഗം കുട്ടികള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കി കെ.പി.സി.സി രംഗത്തുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.