'ഏറെ നാളിന് ശേഷം കയറിവന്നയാളാണ് വി.എം.സുധീരൻ, വീട്ടിൽപോയി സംസാരിച്ചപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞു'; കെ.സുധാകരൻ
text_fieldsതിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. വി.എം.സുധീരന്റെ അഭിപ്രായം പ്രതികരിക്കാൻ മാത്രം വിലകൽപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, സുധീരന്റെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
ഏറെ നാളിന് ശേഷം കയറിവന്നയാളാണ് വി.എം.സുധീരനെന്നും വീട്ടിൽ പോയി സംസാരിക്കാൻ ശ്രമിച്ചപ്പോൾ പാർട്ടിവിട്ടു എന്നാണ് പറഞ്ഞതെന്നും കെ.സുധാകരൻ പറഞ്ഞു.
കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. കെ.പി.സി.സി നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നുമായിരുന്നു സുധീരന്റെ നിലപാട്. ഇതിനോടാണ് സുധാകരന്റെ പ്രതികരണം. എന്നാൽ പാർട്ടിവിട്ടുവെന്ന പരാമർശം നിമിഷങ്ങൾക്കകം സുധാകരൻ തിരുത്തുകയും ചെയ്തു. സഹകരിക്കാൻ ഇല്ല എന്നാണ് സുധീരൻ പറഞ്ഞതെന്നും പറഞ്ഞു.
അതേസമയം, കെ.സുധാകരൻ വിദഗ്ധ ചികിത്സക്ക് നാളെ അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. അധ്യക്ഷന് പകരക്കാരനെ നിശ്ചയിച്ചിട്ടില്ലെങ്കിലും കെ.പി.സി.സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എട്ടംഗസമിതിയെ നിയോഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, വൈസ് പ്രസിഡന്റുമാരായ വി ടി ബല്‍റാം, വി.പി സജീന്ദ്രന്‍ ജനറല്‍ സെക്രട്ടറിമാരായ പിഎം നിയാസ്, കെ ജയന്ത്, ടി യു രാധാകൃഷ്ണന്‍, പഴകുളം മധു എന്നിവരാണ് സമിതി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.