പിണറായിയെ പുകഴ്ത്താനുള്ള സാഹചര്യം ഉണ്ടാക്കി; അനിൽ അക്കരയെ തള്ളി സുധാകരൻ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താൻ ഇടയാക്കിയ മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്‍റെ പ്രസ്താവനയിൽ മുൻ എം.എൽ.എ അനിൽ അക്കരയെ തള്ളി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഗോപിനാഥിനെ കുറിച്ച് അനിൽ അക്കര ഫേസ്ബുക്കിൽ എഴുതിയത് മോശമായി പോയെന്ന് സുധാകരൻ പറഞ്ഞു.
അനിൽ അക്കരയുടെ എഴുത്തിന് മറുപടി നൽകുകയാണ് ഗോപിനാഥ് ചെയ്തത്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും ഒഴിവാക്കാമായിരുന്നുെവന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് വിടുമെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഗോപിനാഥിനെതിരെ ആഞ്ഞടിച്ച് അനിൽ അക്കര ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'ഒന്നുകിൽ ഇവിടെ രാജാവായി വാഴാം, അല്ലെങ്കിൽ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം' എന്നായിരുന്നു അനിൽ അക്കര എഫ്.ബിയിൽ കുറിച്ചത്. കോൺഗ്രസ് പ്രാഥമികാംഗത്വം രാജി പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് പിണറായിയെ പുകഴ്ത്തിയത്.
'കേരളത്തിലെ തന്‍റേടമുള്ള, ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ ചെരിപ്പു നക്കാൻ കോൺഗ്രസ് നേതാവായ ഗോപിനാഥൻ പോകേണ്ടി വരുമെന്ന് പറഞ്ഞാൽ അതിലേറ്റവും കൂടുതൽ അഭിമാനിക്കുന്ന ഒരാളാണ് താൻ. ചെരിപ്പുനക്കേണ്ടി വന്നാൽ നക്കു'മെന്നും ഗോപിനാഥ് അനിൽ അക്കരക്ക് മറുപടി നൽകിയത്.
'താൻ ആരുടെയും എച്ചിൽ നക്കാൻ പോയിട്ടില്ലെന്നും പലരും തന്‍റെ വീട്ടിൽ വന്ന് നക്കിയിട്ടുണ്ടെന്നും അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാമെന്നും' അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ച് ഗോപിനാഥൻ പറഞ്ഞു.
ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് പാർട്ടി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.