'ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും സി.പി.എം ചെയ്തു'; ഷുഹൈബിന്‍റെ ഓർമദിനത്തിൽ കെ. സുധാകരൻ
text_fieldsകോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതിന്‍റെ വാർഷികദിനത്തിൽ പ്രിയ അനുയായിയുടെ ഓർമകൾ പങ്കുവെച്ചും സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. ഒരു നാടിന് നന്മ ചെയ്തവനും നാട്ടാർക്ക് പ്രിയപ്പെട്ടവനുമായിരുന്ന ഷുഹൈബ്, പ്രസിഡന്‍റ് പദവിയിൽ തന്നെ കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച ആളാകുമെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എമ്മിനെതിരെ രൂക്ഷവിമർശനമാണ് ഓർമദിനത്തിൽ സുധാകരൻ നടത്തിയത്. ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സി.പി.എം ചെയ്തിട്ടുണ്ട്. ഇറച്ചി വെട്ടുന്നത് പോലെ അവന്റെ കാലുകൾ കൊത്തിനുറുക്കി. ഒടുവിൽ തുടയിൽ നിന്നും ഞരമ്പ് വലിച്ച് കഴുത്തിലിട്ടു. ഈ ഗുണ്ടാസംഘത്തെ പോറ്റുന്ന സി.പി.എമ്മിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിഗണിക്കാൻ കേരള സമൂഹത്തിന് കഴിയുമോ?. നീതിപീഠത്തിന്‍റെ മുന്നിൽ സി.പി.എം ക്രിമിനലുകൾ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പിൻവാങ്ങില്ലെന്നും സുധാകരൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്നെന്‍റെ ഷുഹൈബിന്റെ ഓർമദിനമാണ്.
ഖത്തറിൽ പ്രസംഗമധ്യേ കേൾക്കേണ്ടി വന്ന ആ വാർത്ത എന്നെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു കളഞ്ഞിരുന്നു. ആദ്യത്തെ ഫോൺ കോൾ വന്നപ്പോൾ ഒരു തരിമ്പ് ജീവനോടെയെങ്കിലും എന്റെ ഷുഹൈബിനെ തിരിച്ചു കിട്ടണമേയെന്ന് ആഗ്രഹിച്ചു. അതിനു വേണ്ടി പ്രാർഥിച്ചു.
പക്ഷെ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ-ഭീകര സംഘടന പരിശീലിപ്പിച്ചെടുത്ത ക്രിമിനലുകളുടെ കൊലക്കത്തിയെ അതിജീവിക്കാൻ അവന് കഴിഞ്ഞില്ല. ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സി.പി.എം ചെയ്തിട്ടുണ്ട്. ഇറച്ചി വെട്ടുന്നത് പോലെ അവന്റെ കാലുകൾ കൊത്തിനുറുക്കിയിട്ട്. ഒടുവിൽ തുടയിൽ നിന്നും ഞരമ്പ് വലിച്ച് കഴുത്തിലിട്ട, ആ ഗുണ്ടാസംഘത്തെ പോറ്റുന്ന സി.പി.എമ്മിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിഗണിക്കാൻ കേരള സമൂഹത്തിന് കഴിയുമോ?
ഒരു നാടിന് മുഴുവൻ നന്മ ചെയ്തവൻ. നാട്ടാർക്കെല്ലാം പ്രിയപ്പെട്ടവൻ. അതിലധികം എന്ത് പറഞ്ഞാണ് ഷുഹൈബിനെ വിശേഷിപ്പിക്കുക. സ്വന്തം വൃക്ക പോലും മറ്റൊരാൾക്ക് ദാനം ചെയ്യാനിരുന്ന അവന്റെ വലിയ മനസിനെയോർത്ത് ഓരോ കോൺഗ്രസുകാരനും ഇന്നും അഭിമാനിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന ഓരോ ചെറുപ്പക്കാരനും മാതൃകയാണ് ഞങ്ങളുടെ ഷുഹൈബ്.
ഒരു പക്ഷെ ഇന്ന് ഞാനിരിക്കുന്ന പാർട്ടി പ്രസിഡന്‍റ് പദവിയിൽ എന്നെ കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച ആളാകും ഷുഹൈബ്. കണ്ണൂരിൽ ഓരോ തവണ വന്നിറങ്ങുമ്പോഴും അവന്‍റെ വിടവ് എന്നെ വല്ലാതെ സ്പർശിക്കുന്നുണ്ട്.
എത്ര കോടികൾ മുടക്കി കൊലയാളികളെ രക്ഷിച്ചെടുക്കാൻ സി.പി.എം ശ്രമിച്ചാലും... ഏതറ്റം വരെ ചെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ ചെറുക്കും. നീതിപീഠത്തിന്റെ മുന്നിൽ സി.പി.എം ക്രിമിനലുകൾ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പിൻവാങ്ങില്ലെന്ന് ഷുഹൈബിന്റെ ഓർമകളെ സാക്ഷി നിർത്തി പറയുന്നു.
2018 ഫെബ്രുവരി 12ന് രാത്രിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ സ്വദേശി എസ്.പി. ഷുഹൈബിനെ കണ്ണൂർ തെരൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ രണ്ടു പേരെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ബി. കെമാൽപാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.