കെ.സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാഞ്ഞത് ഭായ് ഭായ് ബന്ധം മൂലമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അവരുടെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബി.ജെ.പി- സി.പി.എം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദേശം ഇല്ലാതെ പ്രോസിക്യൂഷന്‍ ഈ നിലപാട് സ്വീകരിക്കില്ല. ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കില്‍ അതു ബി.ജെ.പിക്ക് വലിയ തിരിച്ചടി ആകുമായിരുന്നു.
കൊടകര കുഴല്‍പ്പണക്കേസും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസും ശരിയായ ദിശയില്‍ അന്വേഷിച്ചിച്ചിരുന്നെങ്കില്‍ ബിജെപിയെ കേരളത്തില്‍നിന്നു കെട്ടുകെട്ടിക്കാമായിരുന്നു. രണ്ടു കേസുകളിലും കാട്ടിയ അലംഭാവം ബിജെപിക്കു രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുത്തു.
ബി.ജെ.പി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ച ശേഷം ഇഡിയുടെ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടും ഇതുവരെ നടപ്പായില്ല. കുഴല്‍പ്പണക്കേസ് ഇഡിക്കു വിടാത്തത് ബി.ജെ.പി -സി.പി.എം ബന്ധത്തിലെ വേറൊരു അധ്യായമാണ്. പ്രത്യുപകാരമായി മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്തുകേസ്, ലൈഫ്മിഷന്‍ കേസ് തുടങ്ങിയവയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കേന്ദ്ര സര്‍ക്കാരും മരവിപ്പിച്ചു.
ബിജെപി സഖ്യത്തിലേര്‍പ്പെട്ട ജനതാദള്‍ ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡയും മുന്‍ മുഖ്യമന്ത്രിയും മകനുമായ കുമാരസ്വാമിയും പിണറായി വിജയന്റെ ആശീര്‍വാദവും അനുഗ്രഹവും തങ്ങള്‍ക്കൊപ്പമാണെന്ന് തുറഞ്ഞു പറഞ്ഞ് അദ്ദേഹത്തിന്റെ പൊയ്മുഖം ചീന്തിയെറിഞ്ഞു. ബി.ജെ.പി സഖ്യമുള്ള ജനതാദളിനെ ഇടതുമുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും പുറത്താക്കാന്‍ പിണറായി വിജയന്റെ മുട്ടിടിക്കും. ബി.ജെ.പിക്ക് മനസാ വാചാ കര്‍മണാ ദോഷം ഉണ്ടാകുന്ന ഒരു പ്രവര്‍ത്തിയും കേരള മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.