മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹതയെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. സാധാരണഗതിയില്‍ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തുവരുന്ന മുഖ്യമന്ത്രി നിശബ്ദനാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കില്‍ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമായതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിച്ചതിനു മതിയായ കാരണങ്ങള്‍ കാണുമെന്ന് കരുതുന്നവരുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
2016 ഡിസംബറിലെ ദുബൈ യാത്രയില്‍ അദ്ദേഹം ഒരു ബാഗ് മറുന്നുവക്കുകയും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ യു.എ.ഇ തിരുവനന്തപുരം കോണ്‍സുലേറ്റിലെ സ്വപ്‌ന സുരേഷിന്റെ സഹായത്തോടെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഈ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ കറന്‍സിയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരുകയുമാണ്. രാജ്യത്തുനിന്ന് കറന്‍സി കടത്തിയതും സ്വര്‍ണം കൊണ്ടു വന്നതുമായ നിരവധി ആക്ഷേപങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ നടന്ന കേരളത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ മാസത്തെ കേരള സന്ദര്‍ശനവേളയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണോ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം തടയാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.
യു.എ.ഇ സര്‍ക്കാര്‍ നിക്ഷേപം സംഗമം നടത്തി അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനിടക്ക് മുഖ്യമന്ത്രി എങ്ങനെ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നത് വ്യക്തമല്ല. യു.എ.ഇ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില നിക്ഷേപ അജന്‍ഡകളുമായാണെന്ന് സംശയമുയരുന്നു. എ.ഐ കാമറ, കെ ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അവരില്‍ പലര്‍ക്കും ഗള്‍ഫുമായി അടുത്ത ബന്ധമുണ്ട്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതിയുമുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കാം. അനുമതി കിട്ടാത്ത നിക്ഷേപസംഗമ യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ ഒന്നേകാല്‍ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതിനൊക്കെ ആരു സമാധാനം പറയുമെന്ന് കെ. സുധാകരന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.