നാട് വെള്ളത്തില്‍ മുഖ്യന് ആര്‍ഭാടം; കേരളീയം മാമാങ്ക ധൂര്‍ത്തുകാരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കുമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ജില്ല വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ പിണറായിയെ വാഴ്ത്താന്‍ നഗരത്തില്‍ 27 കോടിരൂപയുടെ കേരളീയം മാമാങ്കം നടത്തുന്നവരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരന്‍ എം.പി. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം എത്തിക്കുന്നതിനു പകരം ആര്‍ഭാടത്തില്‍ ആറാടുന്ന അഭിനവ നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
നെല്ലു സംഭരിക്കാനും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നൽകാനും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും പണം ചോദിക്കുമ്പോള്‍ ധനമന്ത്രി കൈമലര്‍ത്തും. കൊയ്യാനുള്ള നെല്ലു വരെ ഈടുവച്ച് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് സെപ്ലക്കോ കടമെടുത്ത പണം തിരിച്ചടച്ചാലേ ഈ വര്‍ഷം നെല്ലു സംഭരണം നടക്കൂ. അതിനായി സി.പി.ഐ മന്ത്രിമാര്‍ യാചിച്ചെങ്കിലും ധനമന്ത്രി കൈമലര്‍ത്തി. കരുവന്നൂര്‍ ബാങ്കില്‍ ആത്മഹത്യാമുനമ്പില്‍ നിൽക്കുന്ന പാവപ്പെട്ടവരുടെ പണം തിരിച്ചുനല്കാനും പണമില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി 570 കോടി നൽകാനും സ്പീക്കര്‍ക്ക് വിദേശയാത്രപ്പടിയായി 33 ലക്ഷം രൂപ നല്കാനും ഇഷ്ടംപോലെ പണമുണ്ട്.
വളരെ അത്യാവശ്യമുള്ള 58 ഇനങ്ങളുടെ മാത്രം ബില്ല് നല്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ട്രഷറിക്ക് നൽകിയ നിര്‍ദേശം. അതിനു പുറത്തുള്ള ബില്ലുകളില്‍ 5 ലക്ഷം രൂപയ്ക്കു രൂപയ്ക്ക് മുകളിലുള്ള ഒരു ചെക്കുപോലും മാറില്ല. 9 ലക്ഷം പേര്‍ അപേക്ഷകരുള്ള ലൈഫ് പദ്ധതിക്ക് വെറും 18.28 കോടി മാത്രം നല്കിയപ്പോള്‍ കേരളീയത്തിനായി 27 കോടി മാറ്റിവച്ചു. സാമൂഹിക ക്ഷേമപെന്‍ഷന്‍ നാലുമാസമായി മുടങ്ങി.സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ പോകുന്നു. സാധാരണക്കാരന്റെ കഴുത്തറക്കും വിധം നികുതി വര്‍ധിപ്പിച്ച് പിരിച്ചെടുക്കുന്ന പണമാണ് പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്.
കേരളീയം മാമാങ്കത്തോടൊപ്പമാണ് സംസ്ഥാന വ്യാപകമായി നവകേരള സദസ് നടത്തുന്നത്. ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവച്ചിരിക്കുകയാണ്. അതോടൊപ്പം പാര്‍ട്ടിക്കാര്‍ നാട്ടുകാരെ കുത്തിനു പിടിച്ചു പണം പിരിച്ചെടുക്കുന്നു. പിണറായി വിജയന്റെ ജനസദസിനും മോദിയുടെ വികസിത് ഭാരത് സങ്കല്പയാത്രക്കും പിന്നിലെ ഉദ്ദേശ്യം സര്‍ക്കാര്‍ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രചാരമാണ്. സര്‍വീസ് ചട്ടങ്ങള്‍ മറികടന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രചാരണത്തിന് ഇറക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. 7 വര്‍ഷം കേരളം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാത്ത മുഖ്യമന്ത്രി തന്റെ ഏറ്റവും വികൃതമായ മുഖം മിനുക്കാന്‍ നികുതിപ്പണമെടുത്ത് മനഃസാക്ഷിക്കുത്തില്ലാതെ ചെലവാക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.