നേതാക്കള്‍ക്കെതിരെ വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെ.സുധാകരന്‍
text_fieldsസുൽത്താൻ ബത്തേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിർദേശങ്ങളുമാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവില്‍ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവെച്ചതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍ എം.പി പറഞ്ഞു. ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും ക്യാമ്പിലുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പില്‍ കെ.മുരളീധരനെ ചിലര്‍ വിമര്‍ശിച്ചതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഉണർവും ദിശാബോധവും നല്‍കുന്ന ചര്‍ച്ചകളാണ് കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമാണ് സംഘടനാ ചര്‍ച്ചകള്‍ പുറത്തുവരാതെ നടത്തിയ ഈ സമ്മേളനം. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാര്‍ത്ത എവിടെന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ വാര്‍ത്ത പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തെറ്റിധരിപ്പിക്കുന്നത് മാത്രമാണ്. നല്ലരീതിയില്‍ നടന്ന കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടിവിന്റെ മഹത്വവും പ്രസക്തിയും തകര്‍ക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് ഈ വാര്‍ത്തയെ കെ.പി.സി.സി കാണുന്നത്. ഈ വാര്‍ത്തകളുടെ ഉറവിടം പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം.
മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍.തെറ്റുതിരുത്താന്‍ ഈ മാധ്യമങ്ങള്‍ തയാറാകണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.