'തെറ്റ് ആര്‍ക്കും പറ്റാം, എനിക്കും പറ്റിയിട്ടുണ്ട്'; അനില്‍ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ.സുധാകരന്‍
text_fieldsകണ്ണൂർ: ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. തെറ്റ് ആർക്കും പറ്റാവാമെന്നും തനിക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി.ബി.സിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്‍ററിക്കും ബി.ബി.സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബി.ബി.സിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല.
ബി.ബി.സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണിയുടെ ട്വീറ്റ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചു. ദിവസങ്ങൾക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനിൽ രംഗത്തെത്തിയിരുന്നു.
വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ യൂത്ത് കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെ.പി.സി.സി അധ്യക്ഷന്റെ പുതിയ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.