ജയിലിൽ വെച്ച് ഷുഹൈബിനെ വധിക്കാൻ ശ്രമം നടന്നു -കെ സുധാകരൻ
text_fieldsകണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ.
ഷുഹൈബിനെ ജയിലില്‍ വെച്ച് വധിക്കാൻ ശ്രമം നടന്നു. സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ഇതിനായി ചട്ടം ലംഘിച്ച് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ജയില്‍ ഡി.ജി.പി ശ്രീലേഖയുടെ ഇടപെടല്‍ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിക്കൊടുത്തു. കൊലപാതകം നടന്ന് ഒന്നര മണിക്കുറിന് ശേഷമാണ് പൊലീസ് വാഹന പരിശോധന ആരംഭിച്ചത്. കണ്ണൂരിലെ പോലീസിനെ കൊണ്ട് കേസ് തെളിയിക്കാനാകുമെന്ന വിശ്വാസമില്ല. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, ഷുഹൈബിനെ അതി ക്രൂരമായാണ് വധിച്ചതെന്ന് ദൃക്സാക്ഷി ഇ.നൗഷാദ്. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ഷുഹൈബിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ആക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദ് പറഞ്ഞു.
ഷുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍ നിന്നും ചായ കുടിക്കുമ്പോഴാണ് ഫോര്‍ രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞ ശേഷം വാളുകൊണ്ട് ഷുഹൈബിന്‍റെ കാലില്‍ വെട്ടി. നിലത്തുവീണ ഷുഹൈബിനെ രണ്ടു പേര്‍ ചേര്‍ന്ന് നിരവധി തവണ വെട്ടി. വെട്ടിവീഴ്ത്തിയ ശേഷം ഒരാള്‍ നിലത്ത് ഇരുന്നാണ് വെട്ടിക്കൊണ്ടിരുന്നത്. രണ്ടാമന്‍ കുനിഞ്ഞുനിന്നാണ് വെട്ടിയത്. തടഞ്ഞപ്പോള്‍ കൈക്ക് വെട്ടി. ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരക്ക് മുകളിലേക്ക് വെട്ടേറ്റില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞതെന്നും നൗഷാദ് പറഞ്ഞു.
അതിനിടെ, സതീശൻ പാച്ചേനി നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിക്കുകയും യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡണ്ട് ജോഷി കണ്ടത്തിൽ 24 മണിക്കൂർ ഉപവാസ സമരം തുടങ്ങുകയും ചെയ്തു. കണ്ണൂർ കലക്ട്രേറ്റിന് മുന്നിലാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.