Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനാധിപത്യത്തിന്‍റെ...

ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

ചെന്നൈ: ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ എം.പി. ഇതിൽ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതക്ക് സ്ഥാനമുണ്ടാകരുത്. മിഷനും ടാർജറ്റും നൽകി നിയമിച്ചിരിക്കുന്ന ഗവർണർമാരെ നേരിടുന്നതിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ ഖേദിക്കേണ്ടി വരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ജന സംഖ്യാടിസഥാനത്തിൽ ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചയല്ല. നമ്മുടെ രാജ്യത്തെ നിര്‍വചിക്കുന്ന നീതിയുടെയും ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണത്തിന്റെയും ചോദ്യമാണിത്. ഇത്തരം അനീതി തടയാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഡീലിമിറ്റേഷന്‍ പ്രാദേശിക പ്രാതിനിധ്യത്തെ ദുര്‍ബലപ്പെടുത്തുന്നതല്ല, പകരം ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നാം ഒന്നിക്കണം. ഇത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ഇരട്ടത്താപ്പിന് ഇടംനല്‍കാതെ നമ്മള്‍ അതിനെതിരെ പോരാടണം. ഈ പോരാട്ടത്തില്‍ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതക്ക് സ്ഥാനമില്ല. കോണ്‍ഗ്രസ് എക്കാലവും ഫാഷിസ്റ്റ്, സ്വേച്ഛാധിപത്യ മനോഭാവത്തിന് എതിരാണ്. ഇവയെ നേരിടുന്നത് പാതിമനസുമായി ആകരുത്. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെയാകണം ഇതിനെ നേരിടുന്നതന്ന് കെ. സുധാകരൻ പറഞ്ഞു.

നിലവിലെ ഭരണസംവിധാനത്തിന് കീഴില്‍ ഫെഡറലിസം ഗുരുതരമായ ഭീഷണിയിലാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ എന്‍.ഡി.എ ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചിരുന്നു. ഈ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും അവര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു. ഗവര്‍ണര്‍മാര്‍ കഴുകന്‍ കണ്ണുകളുമായി സംസ്ഥാന ഭരണസംവിധാനങ്ങളെ അസ്തിരപ്പെടുത്താനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. പരസ്യമായി ഏറ്റുമുട്ടുമ്പോഴും രഹസ്യമായി സൗഹൃദം സ്ഥാപിച്ച് സന്ധി ചെയ്യുന്ന കീഴ്‌വഴക്കം സമീപകാലത്ത് കാണാന്‍ സാധിക്കുന്നു. ഗവര്‍ണര്‍മാർക്ക്‌ മിഷനും ടാർജറ്റും നൽകിയാണ് നിയമിച്ചിരിക്കുന്നത്. എന്‍.ഡി.എ ഇതര സര്‍ക്കാരുകള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണിയായി ഗവര്‍ണര്‍മാര്‍ മാറിയിട്ടുണ്ട്. ഈ യാഥാർഥ്യം തിരിച്ചറിയുകയും അവ കൈകാര്യം ചെയ്യുന്നതില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. അല്ലെങ്കില്‍, നമുക്ക് ഖേദിക്കേണ്ടി വരും.

നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യത്തിന്റെ സത്തക്ക് വേണ്ടി വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നാം ഇവിടെ ഒത്തുകൂടിയത്. രാജ്യത്തിന്റെ അടിസ്ഥാന ഐക്യവും ഫെഡറലിസവും തകിടം മറിക്കുന്ന തീരുമാനവുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഫെഡറലിസം ഗുരുതരമായ ഭീഷണി നേരിടുന്ന നിര്‍ണായക ഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. ഡീലിമിറ്റേഷന്‍ അഥവാ മണ്ഡലം പുനര്‍നിര്‍ണയത്തെ അപ്പാടെ എതിര്‍ക്കുന്നില്ല. അതൊരു ഭരണഘടനാപരമായ ആവശ്യമാണ്. എന്നാല്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനഃനിര്‍ണയം, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. അത് ആശങ്കള്‍ ഉയര്‍ത്തുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഡീലിമിറ്റേഷന്‍ രാഷ്ട്രീയവും സാമൂഹികവുമായ അനീതിക്കുള്ള ഉപകരണമായി മാറരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അത് സുതാര്യവും നീതിയുക്തവും ദേശീയ ഐക്യം ശക്തിപ്പെടുത്താന്‍ ഉതകുന്നതുമാകണം. ചില സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കുന്ന തരത്തിലാണ് ഡീലിമിറ്റേഷന്‍ നടപ്പിലാക്കുന്നത്. അത് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനാധിപത്യ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകും. ഡീലിമിറ്റേഷന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പാക്കുന്നതും ജനസംഖ്യ മാത്രം അടിസ്ഥാനമാക്കിയുള്ള ലോക്‌സഭ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം അന്യായമായി കുറക്കും. ഇത് ദക്ഷിണേന്ത്യയിലെ പാര്‍ലമെന്റ്, നിയമസഭ സീറ്റുകള്‍ ഗണ്യമായി കുറക്കും. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം ഏകദേശം 30 ശതമാനം വർധിക്കും. ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍, അത് വലിയ അനീതിയാകും. വിജയകരമായ നടപ്പാക്കിയ നയങ്ങള്‍ക്ക് സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന വിധത്തില്‍ ഡീലിമിറ്റേഷന്‍ നടത്താനുള്ള നീക്കത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. 1971ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ ലോക്സഭ സീറ്റ് വിഭജനം.

എന്നിരുന്നാലും, ആര്‍ട്ടിക്കിള്‍ 82 അനുസരിച്ച്, 2026ലെ സെന്‍സസിന് ശേഷം പുതിയ ഡീലിമിറ്റേഷന്‍ നടക്കുന്നതിലൂടെ ജനസംഖ്യ വളര്‍ച്ച ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ കുറവുണ്ടാകും. അതേസമയം ഉയര്‍ന്ന ജനസംഖ്യ വളര്‍ച്ച കൈവരിച്ച ചില സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമല്ലാത്ത നേട്ടം ഉണ്ടാക്കുന്ന വിധമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സീറ്റ് നഷ്ടമായേക്കാമെന്നും അസം, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാറ്റമൊന്നും കാണില്ലെന്നും മിലന്‍ വൈഷ്ണവും ജാമി ഹിന്റ്‌സണും ചേര്‍ന്ന് നടത്തിയ 2019ലെ പഠനത്തില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജനസംഖ്യാ സ്ഥിരത എന്നിവയില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങള്‍ക്ക് ഈ നടപടിയിലൂടെ പിഴ ചുമത്തുന്നത് എന്തു ന്യായമാണെന്നും കെ. സുധാകരൻ ചോദിച്ചു.

ഇത് ജീവന്‍മരണ പോരാട്ടമാണ്. ഏകപക്ഷീയമായ ഡീലിമിറ്റേഷന്‍ നീക്കത്തിനെതിരെ കൃത്യമായ കര്‍മപദ്ധതി രൂപീകരിക്കണം. ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ നിര്‍ണായക യോഗം വിളിക്കാന്‍ മുന്‍കൈയെടുത്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാണ്. ഭരണഘടനയെ നിഷ്‌കരുണം തുരങ്കം വെക്കുകയും ഫെഡറലിസത്തെ തകര്‍ക്കുകയും ചെയ്യുന്ന കേന്ദ്രത്തിലെ ഫാഷിസ്റ്റ്, ജനാധിപത്യ വിരുദ്ധ, ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള യോജിച്ച പോരാട്ടത്തിന്റെ ഭാഗം കൂടിയാണ്. ഡീലിമിറ്റേഷനില്‍ പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത്. നീതിയുക്തവും ന്യായവുമായ നടപടിയാണ് ആവശ്യപ്പെടുന്നത്. മാറ്റത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല, പക്ഷെ, അനീതിയെ ശക്തമായി എതിര്‍ക്കും. വികസനത്തിലും പുരോഗതിയിലും കേരളം എക്കാലവും മുന്‍പന്തിയിലാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസ് മുന്‍പന്തിയിലുണ്ട്. ഈ പോരാട്ടത്തില്‍ കേരളം എല്ലാവരുടെയും ഒപ്പം ഉറച്ചുനില്‍ക്കുമെന്നും ജനങ്ങളുടെ ശബ്ദമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constituency Re DelineationK SudhakaranCongres
News Summary - K Sudhakaran sppech in Lok Sabha constituency redelineation meeting
Next Story
RADO