ഹിമാചലിലേത് വിമര്‍ശകരുടെ വായടപ്പിക്കുന്ന വിജയം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം വിമര്‍ശകരുടെ വായടപ്പിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. രാജ്യം വര്‍ഗീയതയെ കൈയ്യൊഴിഞ്ഞ് മതേതര ജനാധിപത്യത്തിലേക്ക് മടങ്ങിവരുന്നുവെന്ന സന്ദേശമാണ് നല്‍കുന്നത്. മതേതര ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും വര്‍ഗീയതയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തുരത്താനും കോണ്‍ഗ്രസിലൂടെ സാധ്യമാകുമെന്ന് ജനം വിശ്വസിക്കുന്നു എന്നതിന് തെളിവുകൂടിയാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ പറഞ്ഞു.
ഭരണത്തിന്റെ തണലില്‍ ബി.ജെ.പി ഉയര്‍ത്തിയ വെല്ലുവിളികളെയും പ്രസിസന്ധികളെയും അതിജീവിച്ചാണ് ഹിമാചല്‍ പ്രദേശില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ബി.ജെ.പിക്കാണ് ജയസാധ്യത പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ കര്‍ഷക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയായതും കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമായി. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ നേരിടുന്നതില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട സാഹചര്യം കൂടിയാണിത്.
മതേതര വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് ചില രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്നത്. അരവിന്ദ് കെജിരിവാളിന്റെ ആപ്പും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ ചട്ടുകങ്ങളായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമായാണ് ഇരുപാര്‍ട്ടികളും ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത്. ബി.ജെ.പിക്ക് അപ്രാപ്യമായ ന്യൂനപക്ഷ വോട്ടുകളില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് അവര്‍ നേട്ടമുണ്ടാക്കുകയും മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്തു.
കോണ്‍ഗ്രസുമായി നേര്‍ക്ക് നേര്‍ പോരാടുമ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. അത്തരം നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തില്‍ മാത്രം ചുരുങ്ങിയ സി.പി.എമ്മും സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബി.ജെ.പിക്ക് ഗുജറാത്തില്‍ കൂടുതല്‍ ഗുണം ചെയ്തുവെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.