നെല്ലുവില: കേന്ദ്രത്തെ കുറ്റപ്പെടുത്താനാവില്ല; ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യം -കെ. സുധാകരൻ
text_fieldsആലപ്പുഴ: നെല്ലുവില വിഷയത്തിൽ കേന്ദ്രസർക്കാറിനെ കുറ്റം പറയാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കുട്ടനാട്ടിലെ നെൽകർഷകരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ല് സംഭരണത്തിന്‍റെ എല്ലാ നടപടിയും പൂർത്തിയാക്കിയശേഷമാണ് കേന്ദ്രസർക്കാർ പണം നൽകുന്നത്. കണക്ക് കൊടുത്തതിന്‍റെ പണം കേന്ദ്രം നൽകിയിട്ടുണ്ട്. ഇനിയുള്ള കണക്ക് കൊടുത്താൽ അടുത്ത ഫണ്ട് കേന്ദ്രം അനുവദിക്കും.
നടൻ ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ടീയമില്ല. അദ്ദേഹത്തിനെതിരെ സൈബർ പോരാളികൾ നടത്തുന്ന യുദ്ധം ഭീകരമാണ്. യാഥാർഥ്യം തുറന്നുപറഞ്ഞാൽ ക്രൂശിക്കുന്നത് ഗുണ്ടരാഷ്ടീയത്തിന്‍റെ മുഖമുദ്രയാണ്. ഇടതുപക്ഷവും പിണറായി വിജയനും അതാണ് നടത്തുന്നത്. വിഷയത്തിൽ കലാകാരന്മാർ ഇടപെടേണ്ടെന്ന മുന്നറിയിപ്പാണ് സി.പി.എം നൽകുന്നത്. ഭരണസംവിധാനത്തിന്‍റെ പോരായ്മകളെക്കുറിച്ച് വിമർശിക്കാനും പ്രതികരിക്കാനും ഓരോ പൗരനും അവകാശമുണ്ട്. അത് നിഷേധിക്കാൻ പത്ത് പിണറായിവന്നാലും നടക്കില്ല. കർഷകർക്കൊപ്പമുള്ള സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകും.
പുതുപ്പള്ളിയിൽ യു.ഡി.എഫ് ചരിത്രപരമായ വിജയം നേടും. ഇടതു സ്ഥാനാർഥിക്ക് കിട്ടുന്ന മൊത്തം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.