ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ പരാജയമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീർഥാടകര്‍ മലകയറി അയ്യപ്പ ദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിവിട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയന്‍ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണ്.
ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും അയ്യപ്പഭക്തര്‍ 18-20 മണിക്കൂര്‍ കാത്തുനിൽക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പ ദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണിതു സംഭവിക്കുന്നത്. പ്രതിദിനം ലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കും മറ്റുമായി ആവശ്യത്തിന് പൊലീസുകാരില്ല.
41 ദിവസം വ്രതം എടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്റെ സുരക്ഷയ്ക്കും മറ്റും വെറും 615 പൊലീസുകാരെ മാത്രം വിന്യസിക്കുകയും ഭീക്ഷണിപ്പെടുത്തിയും കൂലിക്ക് ആളെ ഇറക്കിയും സംഘടിപ്പിക്കുന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് മാമാങ്കമായ നവകേരള സദസിലെ പിണറായി ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ 2250 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനോ, സൗകര്യം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയാറാകുന്നില്ല. അന്യസംസ്ഥാന അയപ്പഭക്തര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാണ്.
18-20 മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് അയപ്പഭക്തര്‍ തളരുകയാണ്. മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍ ക്യൂവില്‍ കുഴഞ്ഞ് വീഴുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിട്ടുനല്‍കാത്ത മുഖ്യമന്ത്രി വോളന്റിയര്‍മാരായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെങ്കിലും നിയോഗിക്കണം.ശബരിമലയിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരാന്‍ ഒരുക്കമാണെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമർദനവും വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുമ്പോള്‍ കരിങ്കൊടികാട്ടി ഗവര്‍ണ്ണറെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ഒരു വൈകാരിക പ്രകടത്തിന്റെ ഭാഗമായി നവകേരള ബസിനു നേരേ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ അവരെ ക്രൂരമായി മർദിച്ച സി.പി.എം ക്രിമിനലുകള്‍ക്കെതിരെ അദ്യം കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാര്‍ക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയില്‍ കോടതി താക്കീതും ചെയ്തു.ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായത്.
ഷൂ എറിഞ്ഞ് പ്രതിഷേധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് സിപിഎം ക്രിമിനലുകള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമങ്ങളാണ്.ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ കായിക ബലവും അധികാരഹുങ്കും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും മുഖ്യമന്ത്രി സഞ്ചരിക്കുന്നിടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി കരുതല്‍ തടങ്കലിലടയ്ക്കുകയും ചെയ്തപ്പോഴാണ് ശക്തമായ പ്രത്യക്ഷ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതിഷേധക്കാരുടെ കൊടിയുടെ നിറം നോക്കി പോലീസ് സ്വീകരിക്കുന്ന നിലപാടും നടപടിയും നീതിനിഷേധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നു സുധാകരന്‍ പറഞ്ഞു.
തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന് ഗവർണര്‍ ആരോപിക്കുമ്പോള്‍ വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം. ഗവർണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികളായ എസ്.എഫ്.ഐ ക്രിമിനലുകള്‍ വന്നത് പൊലീസ് വാഹനത്തിലാണെന്ന ഗവർണറുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഗവർണറുടെ സഞ്ചാരപാത എസ്.എഫ്.ഐക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടാകണം. ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.