ബജറ്റ് പ്രവാസികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞു -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രവാസികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പ്രവാസ ലോകത്ത് ബജറ്റിനെതിരേ ആഞ്ഞടിക്കുന്ന ജനവികാരം മനസിലാക്കാന്‍ കരിമ്പൂച്ചകള്‍ക്കിടയില്‍ നിന്ന് മുഖ്യമന്ത്രി വല്ലപ്പോഴും പുറത്തുവരണം. പ്രവാസി സംഘടനകള്‍ അതിശക്തമായ സമരവുമായി രംഗത്തുവരും. അവരുടെ നീറുന്ന മനസും പുകയുന്ന പ്രതിഷേധവും കണക്കിലെടുത്ത് സര്‍ക്കാര്‍ ബജറ്റ് അന്തിമമാക്കുന്നതിനു മുമ്പ് ഉദാരപൂര്‍വമായ സമീപനം സ്വീകരിക്കണം.
പ്രവാസികള്‍ക്ക് സ്ഥിരമായി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഏര്‍പ്പാടാക്കുമെന്ന പ്രഖ്യാപനം കേട്ട് പ്രവാസികള്‍ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിര്‍ത്തിയിട്ടില്ല. വ്യോമയാന മന്ത്രാലയത്തിന്റെ ഉള്‍പ്പെടെയുള്ള അനുമതികള്‍ വേണ്ട ഈ പദ്ധതിയെ കെ-റെയില്‍പോലത്തെ അപ്രായോഗിക പദ്ധതിയായി പ്രവാസികള്‍ കരുതുന്നു. ഒന്നിലധികം വീടുള്ളവര്‍ക്കും ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കും ഏര്‍പ്പെടുത്തുന്ന കെട്ടിട നികുതി ഏറ്റവുമധികം ബാധിക്കുക പ്രവാസികളെയാണ്. ഭൂമിയുടെ ന്യായവില വര്‍ധനവും ഇവരെ സാരമായി ബാധിക്കും.
കേരളത്തില്‍ എത്ര പ്രവാസികള്‍ മടങ്ങിയെത്തിയെന്ന കണക്ക് സര്‍ക്കാറിനില്ലെങ്കിലും 15 ലക്ഷം പേര്‍ എത്തിയെന്നാണ് കരുതപ്പെടുന്നത്. ഇവരില്‍ വെറും 30,808 പേര്‍ക്കാണ് നോര്‍ക്ക വെല്‍ഫെയല്‍ ബോര്‍ഡ് പ്രവാസി പെന്‍ഷന്‍ നല്കുന്നത്. കോവിഡ് മൂലം മടങ്ങിയെത്തിയവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനുള്ള ധനസഹായം നല്കിയത് 5010 പേര്‍ക്കു മാത്രം. പ്രവാസികളുടെ പുനരധിവാസത്തിനുള്ള സ്വയം തൊഴില്‍ പദ്ധതി പ്രകാരം 2020ല്‍ 1000 പേര്‍ക്കും 2022 ഒക്ടോബര്‍ വരെ 600 പേര്‍ക്കും മാത്രമാണ് സഹായം നല്കിയത്. 2021-22ലെ സാമ്പത്തിക സര്‍വെയിലുള്ള ഈ കണക്കുകള്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണം.
പ്രവാസികളില്‍ നിന്ന് ഏറ്റവുമധികം പണം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതാണ്. എന്നാല്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര ഒന്നാമതെത്തി. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കാനില്ലാത്തതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഇവരെ ആന്തൂര്‍ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഇവരുടെ സംരംഭങ്ങള്‍ക്ക് സംരക്ഷണം നല്കുമെന്ന പ്രഖ്യാപനം പോലും ഉണ്ടായില്ല. പ്രവാസികളോട് കാട്ടുന്ന കൊടിയ വഞ്ചനയില്‍ മനംനൊന്ത് ഇപ്പോള്‍ വിദേശത്തുപോകുന്ന യുവതലമുറ കേരളത്തിലേക്കു മടങ്ങിവരാന്‍ പോലും തയാറല്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.