യെച്ചൂരിയോട് 10 ചോദ്യങ്ങളുമായി കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: സി.പി.എം കേരളഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണിട്ടും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്രനേതാക്കള്‍ നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാര്‍ട്ടി പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും നേതൃത്വത്തിൽ അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വത്തിന്‍റെ നിശബ്ദത ഭയാനകമാണ്.
സംസ്ഥാനത്തെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സി.പി.എം പങ്ക് വ്യക്തമായ അതിഗുരുതര സാഹചര്യത്തിൽ കേരള ഘടകത്തിന് നേര്‍വഴി കാട്ടാന്‍ ദേശീയ നേതൃത്വം ഇടപടുമോയെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
രാജാവ് നഗ്‌നനാണെന്ന് ഇനിയെങ്കിലും തുറന്നുപറയാനുള്ള ധൈര്യം ദേശീയ നേതൃത്വം കാട്ടണം. സമകാലിക സംഭവങ്ങളില്‍ യെച്ചൂരിയുടെ പ്രതികരണം തേടി 10 ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ലൈഫ് മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാന്‍ സംസ്ഥാന ഘടകത്തിന് നിർദേശം നല്‍കുമോ?
സ്വര്‍ണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയര്‍ന്നിട്ടും ദേശീയ നേതൃത്വം കുറ്റകരമായ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?
അനേകരെ കൊന്നുതള്ളിയിട്ടും രക്തദാഹം തീരാത്ത സി.പി.എം ബോംബുകളും വടിവാളുകളും നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഭീകരപ്രസ്ഥാനമായിട്ടും ദേശീയ നേതൃത്വം കണ്ണടയ്ക്കുന്നത് എന്തുകൊണ്ട്?
ഇ.പി. ജയരാജന്റെ ഉടമസ്ഥതയില്‍ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വഴിവിട്ട സാമ്പത്തിക ഇടപാടുകളും വസ്തുനിഷ്ഠമായ അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമോ?
കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില വര്‍ധനക്കെതിരെ സമരം നടത്തിയ സി.പി.എം നേതൃത്വം കേരളത്തില്‍ പ്രാണവായു ഒഴികെ എല്ലാത്തിനും നികുതി കൂട്ടിയ പിണറായി സര്‍ക്കാറിന്റെ തെറ്റായ നടപടി എന്തുകൊണ്ട് തിരുത്തുന്നില്ല?
സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എം പീഡന വീരന്മാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തുമോ?
സര്‍ക്കാറിന്റെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥയും കാരണം കേരളം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പെങ്കിലും കൊടുക്കാൻ ബാധ്യതയില്ലേ? എന്നിവയാണ് പ്രധാന ചോദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.