Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരന്‍റെ ‘കേരള...

കെ. സുധാകരന്‍റെ ‘കേരള ജാഥ’ ജനുവരിയിൽ; ഒക്ടോബര്‍ 19 മുതല്‍ വി.ഡി സതീശനൊപ്പം ജില്ലാ പര്യടനങ്ങള്‍

text_fields
bookmark_border
k sudhakaran and vd satheesan
cancel

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന ‘കേരള ജാഥ’ സംഘടിപ്പിക്കും. കാസര്‍കോട് മഞ്ചേശ്വരത്തു നിന്ന് ജനുവരി പകുതിയില്‍ ആരംഭിച്ച് ഫെബ്രുവരി പകുതിയോടെ തിരുവവന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒരു പരിപാടി എന്ന രീതിയിലാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19 മുതല്‍ നവംബർ 7 വരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി ജില്ലാ പര്യടനങ്ങള്‍ നടത്താനും രാഷ്ട്രീയകാര്യ സമിതി, കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗങ്ങൾ തീരുമാനിച്ചു.

കെ.പി.സി.സിയുടെ സമരപരിപാടികൾ:

1) സഹകരണ കൊള്ളക്കെതിരേ സംസ്ഥാന വ്യാപക സമരം

-) സഹകരണ സംഘങ്ങളില്‍ സിപിഎം നടത്തുന്ന കൊള്ളക്കെതിരെ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം ആരംഭിക്കും. കരുവന്നൂര്‍ ബാങ്ക് കൊള്ളക്കെതിരെ തൃശ്ശൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. സി.പി.എമ്മിന്റെ സഹകരണ കൊള്ളക്കെതിരെ ഗ്രാമതലങ്ങളില്‍ വരെ സമരം വ്യാപിപ്പിക്കും.

-) ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു കാരണവശാലും സംയുക്ത സമ്മേളനങ്ങളോ സമരങ്ങളോ നടത്തരുത്. ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കട്ടെ എന്നതാണ് കെ.പി.സി.സിയുടെ തീരുമാനം.

-) സഹകരണബാങ്കുകളിൽ നിന്ന് ഫണ്ട് സമാഹരിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തോട് യു.ഡി.എഫ് ബാങ്കുകള്‍ സഹകരിക്കില്ല.

2) ഡിസംബറില്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ജനകീയ വിചാരണ ചെയ്യുന്നതാണ്.

3) ഒക്ടോബര്‍ 19 മുതല്‍ നവം 7 വരെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി ജില്ലാ പര്യടനങ്ങള്‍ നടത്തും. ഒക്ടോബര്‍ 19-എറണാകുളം, 20-തൃശ്ശൂര്‍, 21- പാലക്കാട്, 25-കാസര്‍ഗോഡ്, 26-വയനാട്, 27-കണ്ണൂര്‍, 28-കോഴിക്കോട്, 30-തിരുവനന്തപുരം,31-കൊല്ലം, നംവബർ 2 -ആലപ്പുഴ, 3-പത്തനംതിട്ട, 4-കോട്ടയം, 6-മലപ്പുറം, 7-ഇടുക്കി.

4) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മേഖലാ പദയാത്രകള്‍ നവംബര്‍- ഡിസംബറില്‍ നടത്തും. പ്രമുഖ നേതാക്കള്‍ നേതൃത്വം നൽകും.

5) ഡിംബറില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ കുടുംബസംഗമങ്ങള്‍ നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ വീടുകള്‍ സന്ദര്‍ശിച്ച് കുറ്റപത്രം വിതരണം ചെയ്യും.

6) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന കേരള ജാഥ കാസര്‍കോട് മഞ്ചേശ്വരത്തു നിന്ന് ജനുവരി പകുതിയില്‍ ആരംഭിച്ച് ഫെബ്രുവരി പകുതിയോടെ തിരുവവന്തപുരത്ത് സമാപിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒരു പരിപാടി എന്ന രീതിയിലാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി ബഹുജനപങ്കാളിത്തത്തോടെ പരിപാടി നടപ്പാക്കും.

7) മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന 85 ശതമാനം പൂര്‍ത്തിയായി. ശേഷിക്കുന്നവ അടിയന്തരമായി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ബൂത്തുകമ്മിറ്റികളുടെയും സി.യു.സികളുടെയും രൂപീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.

8) മാസപ്പടി കേസ്

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വ്യക്തമായ അഴിമതിയാണ്. ഇതുസംബന്ധിച്ച് നിയമ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മാസപ്പടി വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നൽകി.

പുനഃസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കിയും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സമരമുഖം തുറന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ രാഷ്ട്രീയകാര്യ സമിതി, കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗങ്ങൾ തീരുമാനിച്ചു.

രാഷ്ട്രീയ സാഹചര്യം

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും സാധിച്ചു. 2024ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ നല്ല രാഷ്ട്രീയ കാലാവസ്ഥയുണ്ട്. രാഹുല്‍ ഗാന്ധി നടത്തിയ ജോഡോ യാത്രയും ഇന്ത്യ സഖ്യരൂപീകരണവും ദേശീയതലത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടാക്കിയിട്ടുണ്ട്. കര്‍ണാടകത്തിലെ വിജയത്തിന് പിന്നാലെ ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, രാജസ്ഥാന്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഉറച്ച വിജയപ്രതീക്ഷയാണ്. ദേശീയതലത്തിലെ അനുകൂല സാഹചര്യങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. മോദിക്കെതിരെ രാഹുല്‍ എന്ന തെരഞ്ഞെടുപ്പ് ചിത്രം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ മുന്നേറ്റം ഉണ്ടാക്കും.

സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ ജനരോഷമുണ്ട്. മുഖ്യമന്ത്രി തന്നെ അഴിമതി ആരോപണത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. എ.ഐ കാമറ, കെ ഫോണ്‍, സഹകരണ ബാങ്ക് കൊള്ള, മാസപ്പടി, സ്വജനപക്ഷപാതം ഉള്‍പ്പെടെ ഒരുപിടി ആരോപണങ്ങളാണ് ഇടതു സര്‍ക്കാറിനെതിരെയുള്ളത്.

തട്ടം വിവാദം, സജി ചെറിയാന്റെ ഗള്‍ഫ് നാടുകളിലെ ബാങ്ക് വിളി പരാമര്‍ശം, എം.വി ഗോവിന്ദന്‍ ക്രിസ്ത്യന്‍ പള്ളിക്കെതിരെ നടത്തിയ പരാമര്‍ശം, ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് വിവാദം, ശബരിമല വിശ്വാസ സംരക്ഷണ പ്രക്ഷോഭം, നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കിയിട്ടുണ്ട്. മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗത്തിനെതിരെ നടന്ന അതിക്രമങ്ങള്‍ കേരളത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചോ ആറോ മാസങ്ങള്‍ മാത്രമാണുള്ളത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണം തിരിച്ചുവരേണ്ടത് അനിവാര്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം തുടര്‍ന്ന് നടക്കാന്‍ പോകുന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം പകരും. അതുകൊണ്ട് ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് എല്ലാവരും കര്‍മ്മനിരതരാകണമെന്ന് കെ.പി.സി.സി ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccKerala NewsVD SatheesanK Sudhakaran
News Summary - K. Sudhakaran's 'Kerala Jatha' in January; District tours with VD Satheesan from October 19
Next Story