‘മാധ്യമം’ മുഖപ്രസംഗത്തിന് കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡ്
text_fieldsകൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2022ലെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് ‘മാധ്യമം’ ദിനപത്രം മുഖപ്രസംഗത്തിന്. ‘മാധ്യമം’ സീനിയർ സബ് എഡിറ്റർ കെ. സുൽഹഫ് ആണ് അവാർഡിന് അർഹനായത്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണിത്.
‘പ്രബുദ്ധ മലയാളം എന്ന പാഴ്വാക്ക്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനാണ് അവാർഡ് ലഭിച്ചത്. കേരളത്തെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തിൽ കേരളീയർ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ കൂടുതൽ ഉണരേണ്ടതുണ്ടെന്ന് മുഖപ്രസംഗം വിലയിരുത്തുന്നു. ഡോ. സെബാസ്റ്റ്യൻ പോൾ, ബി. സന്ധ്യ, കെ.സി നാരായണൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വിധി നിർണയം നടത്തിയത്.
പ്രബുദ്ധ മലയാളമെന്ന പാഴ്വാക്ക് -മുഖപ്രസംഗം
പ്രബുദ്ധ മലയാളമെന്ന പാഴ്വാക്ക് -പോഡ്കാസ്റ്റ്
കേരള മീഡിയ അക്കാദമിയുടെ 2021ലെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആണ് ലഭിച്ചത്. പ്രബുദ്ധ കേരളത്തിൽ വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സകൾക്കുമെതിരെ നടപടി ആവശ്യപ്പെടുന്ന ‘അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനടപടികൾ' എന്ന എഡിറ്റോറിയലിനായിരുന്നു അവാർഡ്.
മലപ്പുറം ജില്ലയിലെ വണ്ടുർ സ്വദേശിയാണ് സുൽഹഫ്. കരുവാടൻ ബദറുദീന്‍റെയും സുലൈഖയുടെയും മകനാണ്. 2011ൽ മാധ്യമം പത്രാധിപ സമിതിയിൽ അംഗമായ സുൽഹഫ് നിലവിൽ മാധ്യമം ആഴ്ചപതിപ്പിൽ സീനിയർ സബ് എഡിറ്ററാണ്. ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച്-യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പ് (2020), മികച്ച എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡ് (2019), ഇന്ത്യ സയൻസ് മീഡിയ അവാർഡ് (2019), നാഷനൽ മീഡിയ അവാർഡ് (2018), കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ് (2017) എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹിബ തസ്നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ് സമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.