കേന്ദ്ര സര്‍ക്കാർ ഇടപെട്ടില്ലെങ്കില്‍ കേരളത്തെ രാജ്യദ്രോഹികള്‍ എന്നേ ചാമ്പലാക്കിയേനെ -കെ. സുരേന്ദ്രന്‍
text_fieldsആലപ്പുഴ: സംസ്ഥാനത്ത് ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൂടി ഇല്ലായിരുന്നില്ലെങ്കില്‍ രാജ്യദ്രോഹശക്തികള്‍ കേരളത്തെ എന്നേ ചാമ്പലാക്കിയേനെ എന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തീവ്രവാദ ശക്തികള്‍ക്കായി കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കേരള സര്‍ക്കാരിന് മതഭീകരവാദികളോട് മൃദു സമീപനമാണ്. കേരളത്തിലെ ഇന്റലിജന്‍സ് വിവരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. തീവണ്ടി കത്തിയതിന് തൊട്ടടുത്ത് വലിയ ഓയല്‍ ടാങ്കര്‍ ഉണ്ട്. എലത്തൂരിലും ഇങ്ങനെയായിരുന്നു സ്ഥിതി. കേരളത്തില്‍ വ്യാപകമായി എന്‍.ഐ.എ റെയിഡുകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. കേരള പൊലീസ് എന്താണ് ചെയ്യുന്നത്.
ഭീകര വാദികളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലുള്ളത്. പി.എഫ്.ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പാര്‍ട്ടിയിലെടുക്കാനാണ് മുഹമ്മദ് റിയാസും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നത്. ഇതിനായി സി.പി.എമ്മും മുസ്‍ലിം ലീഗും മത്സരിക്കുകയാണ്. മതഭീകരരുടെ വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രസുരക്ഷയെ കേരളം ബലികഴിക്കുകയാണ്. സി.പി.എമ്മിന് തീവ്രവാദികളുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുള്ളതുകൊണ്ടാണിത്. തീവണ്ടി കത്തിക്കല്‍ വീണ്ടും വീണ്ടും നടക്കുന്നത് ജനങ്ങളില്‍ വലിയ തോതില്‍ ഭയാശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.