കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ മുകുന്ദന്റെ ഇടപെടൽ ശ്രദ്ധേയം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പി.പി. മുകുന്ദന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിൻറെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ സ്ഥാനമാണ് മുകുന്ദനുള്ളത് -സുരേന്ദ്രൻ പറഞ്ഞു.
ശക്തമായ നിലപാടുകളെടുക്കുമ്പോഴും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സമചിത്തതയോടെ പെരുമാറാൻ സാധിച്ചു. ഏകതായാത്രയുടെ വിജയത്തിലും കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലും പി.പി. മുകുന്ദന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.
ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പി.പി. മുകുന്ദൻ. സംസ്ഥാനത്ത് യുവനേതാക്കളെ വാർത്തെടുത്തതും സംഘടനയുടെ അടിത്തറ വർധിപ്പിച്ചതും പി.പി. മുകുന്ദന്റെ പ്രവർത്തന മികവാണ്. ഇന്ന് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ കാലത്ത് സംഘടനാപ്രവർത്തനം ആരംഭിച്ചവരാണ്. വ്യക്തിപരമായി വളരെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നുവെന്നും കെ. സുരേന്ദ്രൻ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.