കേരളത്തിൽ താലിബാന് പിന്തുണ നൽകാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നു - കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഫ്ഗാൻ താലിബാൻ്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത്. ഭഗത് സിംഗും വാരിയൻ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്‍റെ അപനിർമ്മിതിയാണ് ഇവിടെ നടക്കുന്നത്. മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളർത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. കേരളത്തിൽ താലിബാന് പിന്തുണ നൽകാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രം താലിബാന്‍റെ ജിഹ്വയാണ് പുറപ്പെടുവിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഒരു നടപടിയും സർക്കാർ എടുക്കുന്നില്ല.
സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തിപ്പെടുമ്പോൾ കേരള പൊലീസും സർക്കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന പൊലീസിന്റെ സദാചാര പൊലീസ് ചമയൽ കേരളത്തിലെ പൊലീസ് രാജിന് ഉദാഹരണമാണ്. വ്യാപകമായ പിടിച്ചുപറിയും അക്രമവുമാണ് പൊലീസ് നടത്തുന്നത്. പെറ്റികേസ് ചാർജ് ചെയ്ത് പണം പിരിക്കാൻ ഓർഡർ ചെയ്യുകയാണ് മുഖ്യമന്ത്രി. സി.പി.എം ഫ്രാക്ഷനാണ് പൊലീസിലുള്ളത്. ആർ.എസ്.എസിനെ ചൂണ്ടി മുഖ്യമന്ത്രിക്ക് നേരെ വെടിവെക്കുകയാണ് സി.പി.ഐ നേതാവ് ആനിരാജ ചെയ്തത്.
ഇത്രയധികം കോവിഡ് വർധിച്ചിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. അശാസ്ത്രീയമായ നടപടിയിലൂടെ കേരളത്തെ ദുരിതത്തിലാക്കിയതിന് സർക്കാറാണ് ഉത്തരവാദിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.