ഹൈന്ദവ-ക്രൈസ്തവ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയമെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും ശക്തമായ തിരിച്ചടിയാണിത്. പി.ടി തോമസിന്റെ മരണത്തെ തുടർന്നുണ്ടായ ശക്തമായ സഹതാപതരംഗം അവിടെ പ്രതിഫലിച്ചു. പി.ടിയെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതശക്തികളെ പരസ്യമായി സഹായിച്ചതിലൂടെ മറ്റ് മതവിഭാഗങ്ങളൾക്കിടയിൽ, പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. ആ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെടുകയായിരുന്നു. ആലപ്പുഴയിലെ അക്രമങ്ങൾ നേരിടുന്നതിൽ സർക്കാർ കാണിച്ച അലംഭാവവും വലിയൊരു ധ്രുവീകരണത്തിന് കാരണമായി. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതിരുന്നിട്ടും സിൽവർ ലൈനിനായി കുറ്റിയിടാൻ വീടുകൾ കയറിയ സർക്കാരിനേറ്റ തിരിച്ചടി കൂടിയാണിത്. ബി.ജെ.പി ദുർബലമായ മണ്ഡലമാണ് തൃക്കാക്കര.
അവിടെ ശക്തമായ പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തെ വോട്ടിനോട് അടുത്ത് തന്നെ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചു. പോളിംഗ് ശതമാനം കുറഞ്ഞതിനാൽ കുറച്ച് വോട്ട് കുറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫിനുണ്ടായ പരിക്ക് കണക്കിലെടുക്കുകയാണെങ്കിൽ ബി.ജെ.പിക്ക് ഒരു പരിക്കും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജോ ജോസഫ് അല്ലായിരുന്നു അവിടെ മത്സരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തിയത്.
മുഖ്യമന്ത്രിയെ തോൽപിക്കണമെന്ന വികാരമാണ് ജനങ്ങളിൽ പ്രതിഫലിച്ചത്. യു.ഡി.എഫ് പരമ്പരാഗത മണ്ഡലമായതിനാൽ സർക്കാർ വിരുദ്ധ വോട്ടുകളെല്ലാം അവർക്ക് ലഭിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ പൊതുവേ മൂന്നാംകക്ഷിക്ക് ജനങ്ങൾ ചെറിയ പരിഗണനയേ നൽകാറുള്ളൂ. പി.സി ജോർജിനെ കൊണ്ടുനടന്നത് തിരിച്ചടിയല്ല. എന്നാൽ, അദ്ദേഹം ഉയർത്തിയ വിഷയങ്ങൾ ആ മതവിഭാഗത്തിൽ ചലനങ്ങൾക്ക് ഇടയാക്കിയെങ്കിലും പിണറായിയെ തോൽപ്പിക്കാൻ വോട്ട് യു.ഡി.എഫിന് പോയെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.