കർഷക നിയമം: മുട്ടുമടക്കിയതോ മുട്ടടിപ്പിക്കുന്നതോ എന്ന് കാണാം -കെ. സുരേന്ദ്രൻ
text_fieldsപാലക്കാട്: കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതാണോ ആരുടെയെങ്കിലും മുട്ടടിപ്പിക്കുന്നതാണോ എന്ന് വരും ദിവസങ്ങളിൽ കാണാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അതിവിടെയും കൊണ്ടുവരാൻ സി.പി.എമ്മും കോൺഗ്രസും മുൻകൈ എടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി നെല്ലിന്‍റെ താങ്ങുവില വെട്ടികുറിച്ച പിണറായി സർക്കാറിന്‍റെ ഇപ്പോഴത്തെ കർഷക സ്നേഹം ജനങ്ങൾക്ക് മനസ്സിലാവും. കേരളത്തിൽ ഹലാൽ ഹോട്ടലുകൾ വ്യാപകമാവുന്നുണ്ട്. മൊയ്ലിയാൻമാർ തുപ്പുന്നതാണ് ചിലയിടത്ത് ഹലാൽ ഭക്ഷണം. ഇത് കഴിക്കേണ്ടവർക്ക് കഴിക്കാം. ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ-റെയിലിനെതിരെ നന്ദിഗ്രാം മാതൃകയിൽ സമരം നടത്തും
കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ നന്ദിഗ്രാം മാതൃകയിൽ സമരം നടത്തുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ പരിസ്ഥിതി ആഘാതപഠനം നടത്തുകയോ വിദഗ്‌ധോപദേശം തേടുകയോ ചെയ്തിട്ടില്ല. മെട്രോമാൻ ഇ.ശ്രീധരനെ പോലുള്ളവർ കെ-റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് സൂചിപ്പിച്ചിട്ടും വലിയ സാമ്പത്തിക ബാധ്യത കേരളജനതയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണം.
സാമ്പത്തികമായി ലാഭകരമല്ലാത്ത പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് വൻ അഴിമതിയാണ്. ജനങ്ങളെ കടക്കെണിയിലാക്കുന്ന പദ്ധതിയാണിത്. പിണറായി വിജയന് നിക്ഷിപ്ത താത്പര്യവും നിഗൂഢലക്ഷ്യവും ഉണ്ട്. കേരള ജനതയെ പണയംവച്ച് വലിയ അഴിമതിയാണ് സർക്കാർ നടത്തുന്നത്. ജനങ്ങളെ മറന്ന് പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള സർക്കാർ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ല.
കെ-റെയിലിനെതിരായ സമരം ബി.ജെ.പി സംസ്ഥാനമാകെ വ്യാപിപ്പിക്കും. കെ-റെയിൽ വിരുദ്ധസമര സമിതികളുമായി ചേർന്നും സമിതി ഇല്ലാത്തിടത്ത് ബഹുജനപ്രക്ഷോഭവും സംഘടിപ്പിക്കും.
25ന് പ്രതിഷേധ സംഗമംഇസ്ലാമിക തീവ്രവാദികളും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ ഈ മാസം 25ന് എല്ലാ ജില്ലകളിലും പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് പൊതുപ്രവർത്തകനായ യുവാവ് തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടും ജനപ്രതിനിധികൾ അദ്ദേഹത്തിന്‍റെ വീട് സന്ദർശിക്കാൻ എത്താത്തത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇ. ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഎമ്മിലും കോൺഗ്രസിലുമുള്ള മുസ്ലിം ഗ്രൂപ്പുകൾ ഒന്നിച്ചു. ഇവരെ ഭയന്നാണ് ജില്ലയിലെ ജനപ്രതിനിധികൾ സഞ്ജിത്തിന്‍റെ വീട്ടിൽ എത്താതിരുന്നത്. കേരളത്തെ വർഗീയമായി വിഭജിച്ച് ലാഭം കൊയ്യാനാണ് ഇടതു-വലത് നേതാക്കളുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.