കാലിക്കറ്റിൽ അരുന്ധതി റോയിയുടെ ലേഖനം പഠിപ്പിക്കുന്നതിനെതിരെ കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗമാക്കിയതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിൽ അരുന്ധതിയുടെ 'കം സെപ്തംബർ' എന്ന ലേഖനം ഉൾപ്പെടുത്തിയത് ക്യാമ്പസുകളെ മതത്തിൻെറ പേരിൽ വേർതിരിക്കലാണെന്നാണ് ആരോപണം. ഇത് ഉൾപ്പെടുത്തയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും സുരേന്ദ്രൻ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണം. സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പാഠഭാഗത്തിന്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. മേനക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണം. ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.