രാജ്യസ്നേഹികളുടെ പ്രതിഷേധം അടിച്ചമർത്താൻ കേരള പൊലീസ് ശ്രമിക്കുന്നു -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ദേശവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സഹായം ചെയ്യുന്ന സർക്കാർ, അതിനെതിരെ രാജ്യസ്നേഹികൾ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനധികൃതമായി നടക്കുന്ന പ്രദർശനങ്ങൾക്ക് പൊലീസ് സംരക്ഷണം കൊടുക്കുന്നു. മതസ്പർധയുണ്ടാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കി ഭരണവിരുദ്ധ വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
‘രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജി. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണം. കോൺഗ്രസ് താത്ക്കാലിക ലാഭത്തിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
വിദേശശക്തികൾ ഇന്ത്യയിൽ വന്ന് തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്തി രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ എടുത്ത വികലമായ ഡോക്യുമെന്ററിയെ എതിർക്കേണ്ടതിന് പകരം അത് സംസ്ഥാനം മുഴുവൻ പ്രദർശിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസും അധപതിച്ചു കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ ജോലിയാണ് കേരളത്തിൽ കോൺഗ്രസ് ചെയ്യുന്നതെന്ന് എല്ലാവർക്കും ബോധ്യമായി. രാജ്യത്തെ തകർക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിന് കേരളത്തിലെ കോൺഗ്രസ് കൈകൊടുത്തിരിക്കുകയാണ്. തീവ്രവാദികളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള അപകടകരമായ ഈ നീക്കത്തിന് കോൺഗ്രസുകാർ തന്നെ മറുപടി കൊടുക്കുമെന്നുറപ്പാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ ദേശവിരുദ്ധ സമീപനത്തിന് ലഭിച്ച തിരിച്ചടിയാണ് ഡിജിറ്റൽ മീഡിയ കൺവീനറുടെ രാജി’ -സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.