ഇ.ഡിക്കെതിരെ സി.പി.എം രംഗത്ത് വന്നത് വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന ഭയത്താൽ -കെ. സുരേന്ദ്രൻ
text_fieldsതൃശൂർ: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് എതിരെ സി.പി.എം നടത്തുന്ന വിമർശനം സർക്കാറിലും പാർട്ടിയിലുമുള്ളവർ കുടുങ്ങുമെന്നതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അന്വേഷണം വഴി തിരിച്ചു വിടാനുള്ള നീക്കമാണ്. ടി.പി കേസിലും പി. ജയരാജൻ പ്രതിയായ കേസിലും സി.പി.എം ഇടപെടൽ കേരളം മറന്നിട്ടില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ കുറ്റപ്പെടുത്തുന്നത് അപലപനീയവും നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയുമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇപ്പോൾ ഇ.ഡിക്കെതിരെ തിരിഞ്ഞത് വമ്പൻ സ്രാവുകൾ കുടുങ്ങുമോ എന്ന ഭയം കാരണമാണ്. അന്വേഷണം വമ്പൻ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സി.പി.എം നിലപാട് മാറ്റുന്നത്.
ജലീലിനെകൂടാതെ ഇ.പി ജയരാജൻെറ മകൻെറ പേര് ഉയർന്നു വരുന്നതും ഇതിനു കാരണമാണ്. ലൈഫ് മിഷൻ റെഡ് ക്രെസൻറ് ഇടപാടിൽ ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജൻെറ മകൻെറ കൈയിലേക്ക് പോയതയാണ് വാർത്തകൾ. സ്വപ്ന ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്‌സ്മാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സർക്കാറിൻെറ സഹായത്തോടെയാണ് മെഡിക്കൽ കോളേജിൽ ഈ സൗകര്യം ലഭിച്ചത്.
അന്വേഷണം ശരിയായ ദിശയിൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി ഇ.ഡിയെ വിമർശിക്കുന്നു. സി.പി.എം സെക്രട്ടേറിയറ്റിൻെറ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി നിലപാട് മാറ്റിയോ? അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന പാർട്ടി നിലപാടിനോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ? എന്നും സുരേന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.