ചാനൽ ചർച്ചയിലെ ‘കുമ്മനടി’ പ്രയോഗത്തിനെതിരെ കെ. സുരേന്ദ്രൻ: ‘ശുദ്ധ പോക്രിത്തരം, പോരാളി ഷാജിയാകരുത്’
text_fieldsകോഴിക്കോട്: ചാനൽചർച്ചയിൽ ‘കുമ്മനടി’ എന്ന വാക്കുപയോഗിച്ച മാധ്യമപ്രവർത്തകനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇത്തരം തറ ട്രോളുകൾ മാധ്യമപ്രവർത്തകർ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേർസ് ചർച്ചക്കിടെ മാധ്യമപ്രവർത്തകനായ അരുൺകുമാർ നടത്തിയ പരിഹാസമാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്. ‘കുമ്മനടിച്ച് കേറുന്ന വൃദ്ധ ദാസൻമാരുടെ പടുകൂറ്റൻ ബംഗ്ലാവുകളായി രാജ്ഭവൻ മാറിയിട്ട് കാലമേറെയായി’ എന്നായിരുന്നു അരുണിന്റെ പരാമർശം. ഈ പ്രസ്താവന തലക്കെട്ടാക്കി ചാനൽ പ്രസ്തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സുരേന്ദ്രൻ വിമർശനമുന്നയിച്ചത്.
‘ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ അന്തസ്സിനു ചേർന്ന പണിയല്ലിതെന്ന് പറയാതെ നിർവാഹമില്ല. അത്തരക്കാരെ മാധ്യമപ്രവർത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ..’ -സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ക്ഷണിക്കാതെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനെ പരിഹാസപൂർവം സൂചിപ്പിക്കാനാണ് ‘കുമ്മനടി’ എന്ന വാക്ക് സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മെട്രോ യാത്രയിൽ കേരളാ ഗവർണർക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാൻ ശ്രീധരനും ഒപ്പം കുമ്മനം രാജശേഖരനും യാത്ര ചെയ്തിരുന്നു. ക്ഷണിക്കാതെയാണ് കുമ്മനം മെട്രോയിൽ കയറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കുമ്മനടി’ എന്ന പദപ്രയോഗം രൂപപ്പെടുത്തിയത്. ഇത് തുടക്കം മുതൽ വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ ഗവർണറുടെ തീരുമാനം കാത്തുകിടക്കുന്നത് ചൂണ്ടിക്കാട്ടി കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയെ കുറിച്ചുള്ള ചർച്ചയിലായിരുന്നു അരുൺകുമാറിന്റെ ‘കുമ്മനടി’ പരാമർശം.
പഞ്ചാബ് ഗവർണർ ബില്ലുകൾ വെച്ചുതാമസിപ്പിച്ച കേസിലെ വിധിപ്പകർപ്പ് വായിക്കാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഉത്തരവ് വായിച്ച് 28ന് പ്രതികരണം അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഗവർണറുടെ സെക്രട്ടറിയോട് നിർദേശിച്ചത്.
കേരള സർക്കാർ നൽകിയ ഹരജിയിൽ അന്ന് വാദം കേൾക്കും. കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ ഗവർണറുടെ തീരുമാനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് ഹരജി വെള്ളിയാഴ്ച പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. രണ്ടു വർഷമായ ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. ബന്ധപ്പെട്ട മന്ത്രിമാർ ഗവർണറെ കണ്ടതാണ്. മുഖ്യമന്ത്രിയും പല തവണ കണ്ട് വിശദീകരിച്ചു -വേണുഗോപാൽ പറഞ്ഞു. ഈ സമയത്താണ് പഞ്ചാബ് കേസിലെ വിധി കഴിഞ്ഞ രാത്രി സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും വായിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.
പഞ്ചാബ് ഗവർണറോട് സുപ്രീംകോടതി പറഞ്ഞത്
‘ബിൽ അംഗീകരിക്കാൻ പറ്റില്ലെന്നാണ് തീരുമാനമെങ്കിൽ നിയമസഭയുടെ പുനഃപരിശോധനക്ക് തിരിച്ചയക്കണം. നടപടിയൊന്നുമില്ലാതെ അനിശ്ചിതകാലം ഗവർണർ വെച്ചുതാമസിപ്പിക്കാൻ പാടില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാതെതന്നെ ഭരണഘടനപരമായ ചില അധികാരങ്ങൾ ഏൽപിച്ച സംസ്ഥാന മേധാവിയാണ് ഗവർണർ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന നിയമസഭയുടെ നിയമനിർമാണ നടപടികൾ മുടക്കാൻ ഗവർണർ ഭരണഘടനപരമായ അധികാരങ്ങൾ ഉപയോഗിച്ചു കൂടാ. അങ്ങനെ ചെയ്യുന്നത് ജനാധിപത്യ ഭരണഘടന തത്ത്വങ്ങൾക്ക് എതിരാണ്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.