നരബലി: വേറെ പാർട്ടിക്കാരനാണെങ്കിൽ എന്താകും പുകില്? നാടിന്റെ പ്രതിച്ഛായ തകർന്നു -കെ. സുരേന്ദ്രൻ
text_fieldsതിരുവല്ല: ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നിൽ അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. പിന്നിൽ സി.പി.എം പ്രവർത്തകനാണെന്നത് സംഭവത്തിൻറെ ഗൗരവം വർധിപ്പിക്കുന്നതായും സ്ഥലം സന്ദർശിച്ച സുരേന്ദ്രൻ പറഞ്ഞു.
ലോകത്തിന് മുമ്പിൽ നാടിൻറെ പ്രതിച്ഛായ തകർന്നു കഴിഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നവോത്ഥാന മതിൽകെട്ടിയ സിപിഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഎം നേതൃത്വം ജനങ്ങളോട് പറയണം. ശക്തമായ നടപടി ആവശ്യമാണ്. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
നരബലിക്കുപിന്നിൽ ഒരു സി.പി.എം നേതാവായതുകൊണ്ട് സാംസ്കാരികനായകരും അർബൻ നക്സലുകളും യുക്തിവാദികളുമൊന്നും കമാ എന്നൊരക്ഷരം മിണ്ടുന്നില്ല. വേറെ ഏതെങ്കിലുമൊരു പാർട്ടിക്കാരനായിരുന്നു ഇത് നടത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. നവോത്ഥാന മതിലും പൊക്കിപ്പിടിച്ചുനടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ് നയിക്കുന്നത്? വടക്കുനോക്കിയന്ത്രങ്ങളുടെ ചർമ്മബലം കാണ്ടാമൃഗത്തെ വെല്ലുന്നതുതന്നെ -സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് വി.എ. സൂരജ്, ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, മണ്ഡലം പ്രസിഡൻറ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, യുവമോർച്ച ജില്ല പ്രസിഡൻറ് നിതിൻ ശിവ, കർഷക മോർച്ച ജില്ല പ്രസിഡൻറ് ശ്യാം തട്ടയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.