ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല -കെ. സുരേന്ദ്രൻ
text_fieldsകണ്ണൂർ: കർക്കിടക വാവുബലിക്ക് സന്നദ്ധ സേവനം നടത്തണമെന്ന സി.പി.എം നേതാവ് പി. ജയരാജന്റെ ആഹ്വാനം പാർട്ടിയിൽ വിവാദമായതോടെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 'പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം. നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം, ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കൾക്ക് ഇതുതന്നെ വേണം' എന്നാണ് സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
പിതൃതർപ്പണത്തോടനുബന്ധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് തെറ്റിധാരണ ഉണ്ടാക്കിയെന്ന് അംഗീകരിച്ച് പി ജയരാജൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഷെയർ ചെയ്തായിരുന്നു സുരേന്ദ്രന്റെ കുറിപ്പ്. വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് എഴുതിയതെന്നും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
'സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവാറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആർമി' എന്ന് പറഞ്ഞാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം:
പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം. നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അൻവറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയിൽ യുവതികളെ കയറ്റാൻ വാദിക്കാം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കൾക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആർമി.
പി. ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്:
ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക് പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.